09 May 2024 Thursday

പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

ckmnews



പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഡോക്ടേഴ്‌സിന്റെ സംഘം ആനയെ ഇന്നും പരിശോധിക്കും. മറ്റ് ആനകൾ ചികിത്സ നൽകുന്ന സ്ഥലത്തേക്ക് എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നു.

ആനയുടെ കാലിന്റെ കുഴ തെറ്റിയതാകാമെന്ന് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനത്തിൽ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. വിദഗ്ധ ചികിത്സ നൽകി വരുകയാണ്. ആന ഇന്നലെ എഴുന്നേൽക്കാൻ ശ്രമിച്ചിരുന്നു.

ആനയെ ട്രെയിൻ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് സർജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ല. ട്രെയിൻ വന്ന സമയത്ത് വേഗത്തിൽ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തൽ. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ആന പ്രേമി സംഘം വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകിയിരുന്നു.