09 May 2024 Thursday

കൊടുംചൂട്: വൈദ്യുതി ഉപഭോഗം കൂടുന്നതോടെ കെഎസ്ഇബി ആശങ്കയില്‍; പീക്ക് ടൈമിലും വര്‍ധന

ckmnews


സംസ്ഥാനത്ത് അന്തരീക്ഷ താപനില ദിനംപ്രതി കൂടുന്നതോടെ വൈദ്യുത ഉപഭോഗവും കൂടിവരുന്നതില്‍ കെഎസ്ഇബി ആശങ്കയില്‍. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയപരിധിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. വൈകീട്ട് 6 മണിമുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് പുതിയ പീക്ക് ടൈം.

സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം 20 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലെത്തിയിരുന്നു. 85 ദശലക്ഷത്തോളം വൈദ്യുതി പുറത്തുനിന്ന് എത്തിക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇത് കെഎസ്ഇബിയെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന വിലയ്ക്കാണ് സംസ്ഥാനത്തിന് വൈദ്യുതി വാങ്ങേണ്ടി വരുന്നത്. ഇത് കെഎസ്ഇബിയെ സാമ്പത്തികമായും പ്രതിസന്ധിയിലാക്കുന്നുണ്ട്.

മുന്‍പ് വൈകീട്ട് 6 മണി മുതല്‍ രാത്രി 11 മണി വരെയായിരുന്നു മുന്‍പ് വൈദ്യുതി ഉപഭോഗത്തിന്റെ പീക്ക് ടൈം. ഈ സമയം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത് രാത്രി 10.44നായിരുന്നു. രാത്രിയില്‍ ചൂടുസഹിക്കാതെ ജനങ്ങള്‍ ഫാനും എസിയും വലിയ തോതില്‍ ഉപയോഗിക്കുന്നതാണ് ഈ സമയത്തെ വൈദ്യുതി ഉപഭോഗം കൂടാന്‍ കാരണമായത്.