08 May 2024 Wednesday

മലയാളത്തിന്‍റെ മഹാനടി കെപിഎസി ലളിതയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വർഷം

ckmnews



മലയാളത്തിന്‍റെ മഹാനടി കെപിഎസി ലളിതയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വർഷം. വീട്ടിലോ അയൽപക്കത്തോ ഉള്ള ഒരാൾ നമുക്ക് മുന്നിൽ നിന്ന് കരയുകയും ചിരിക്കുകയും ചമ്മുകയും ചെയ്യുന്നത് പോലെയായിരുന്നു കെപിഎസി ലളിതയുടെ അഭിനയം. നമ്മളിലൊരളല്ലേ അത് എന്ന് ലളിതയുടെ എല്ലാ കഥാപാത്രങ്ങളും കണ്ടാൽ തോന്നും. അസാധാരണത്വമില്ലാത്ത കഥാപാത്രങ്ങളായി സ്വയം മാറുകയായിരുന്നു ലളിത. അതുകൊണ്ടാകും അവർ മരിച്ചപ്പോൾ ഭൂമി മലയാളമാകെ കരഞ്ഞത്.

'ആദ്യത്തെ കണ്‍മണി'യിലെ മാളവിക, 'വിയറ്റ്നാം കോളനി'യിലെ പട്ടാളം മാധവി, 'കോട്ടയം കുഞ്ഞച്ചനി'ലെ ഏലിയാമ്മ, 'പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ സൂപ്രണ്ട്, 'ഗോഡ്ഫാദറി'ലെ കൊച്ചമ്മിണി, 'തേൻമാവിൻ കൊമ്പത്തി'ലെ കാർത്തു, 'വാൽക്കണ്ണാടി'യിലെ കുട്ടിയമ്മ അങ്ങനെ പ്രേക്ഷക ഹൃദയത്തിൽ ക‍ടന്നു കൂടിയ എത്രയെത്ര ലളിത കഥാപാത്രങ്ങൾ.

ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?


പ്രിയപ്പെട്ട നാരായണി മരണത്തെപ്പറ്റി ആർക്കും ഒന്നും പറയാൻ സാധിക്കില്ല...


ആര് എപ്പോൾ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ...


ഞാനായിരിക്കും ആദ്യം മരിക്കുക...


അല്ല ഞാനായിരിക്കും... എന്നെ ഓർക്കുമോ?


ഓർക്കും...


വൈക്കും മുഹമ്മദ് ബഷീറിന്റെ മതിലുകൾ ദൃശ്യാവിഷ്കാരമായപ്പോൾ നാരായണിയായി ശബ്ദം കൊണ്ട് കീഴടക്കാൻ കെപിഎസി ലളിതയക്ക് സാധിച്ചു. ബഷീറായി മമ്മൂട്ടി ജീവിക്കുമ്പോൾ ഒരു മതിലിനപ്പുറം നിന്ന് ശരീരമില്ലാതെ സന്തോഷവും സങ്കടവും വിരഹവും പ്രണയവും നാണവുമൊക്കെ മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്കിലെ രാമപുരം ഗ്രാമത്തിലായിരുന്നു മഹേശ്വരിയമ്മ എന്ന കെപിഎസി ലളിതയുടെ ജനനം. തോപ്പിൽ ഭാസിയായിരുന്നു കെപിഎസി ലളിത എന്ന പേര് നൽകിയത്. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ലീഡ് ഗായികയായി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. നാടക വേദികളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് മാറിയപ്പോൾ ലളിത പൊന്നിൻ പകിട്ടോടെ കൂടുതൽ തിളങ്ങി. 1970-ൽ കെ എസ്‌ സേതുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ കൂട്ടുകുടുംബം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നെത്തിയ ലളിത മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയായി.

മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളിലാണ് കെപിഎസി ലളിത വേഷമിട്ടത്. നിരവധി പുരസ്കാരങ്ങളും നടിയെ തേടിയെത്തി. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടം വാങ്ങിയ ലളിത സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് പ്രാവശ്യവും സ്വന്തമാക്കി.


ലളിത ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി കൂടിയായിരുന്നു. 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ സ്ഥാനാ‍ർ‌ത്ഥിയാകാൻ സിപിഐഎം നി‍‍ർബന്ധിച്ചുവെങ്കിലും തനിക്ക് അത്തരത്തിലുള്ള സ്ഥാനമാനങ്ങൾ വേണ്ട എന്നറിയിച്ചുകൊണ്ട് മത്സരിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. തുട‍ർന്ന് കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം പാർട്ടി ലളിതയ്ക്ക് നൽകി.

വളരെ അപ്രതീക്ഷിതമായുണ്ടായ കരൾ രോ​ഗവും മരണവുമെല്ലാം അതിജീവിക്കാൻ തന്നെ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി ലളിത ചെയ്തിരുന്നു. രോ​ഗം പിടിമുറുക്കുമ്പോഴും ലളിത ക്യാമറയ്ക്ക് മുന്നിൽ പെ‍ർഫോം ചെയ്തു. ഒരുപാട് നാഴിക കല്ലുകൾ ബാക്കിയാക്കിയാണ് ലളിത ഓർമ്മയായത്. കെപിഎസി ലളിതയുടെ ആത്മകഥയുടെ പേര് പോലെ അവരുടെ കഥാപാത്രങ്ങളിലൂടെ ആ ചിരിയിലൂടെ ശബ്ദത്തിലൂടെ സ്വാഭാവിക അഭിനയത്തിലൂടെ കെപിഎസി ലളിതയുടെ കഥ തുടരും...