09 May 2024 Thursday

ഒരുമിച്ച് പരിശീലനം, ജ്യേഷ്ഠന് വേണ്ടി അനുജൻ; PSC പരീക്ഷാ ആൾമാറാട്ടത്തിൽ സഹോദരങ്ങൾ കീഴടങ്ങി

ckmnews


തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം നടത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി. നേമം മണ്ണക്കല്‍ തേരി കൃഷ്ണഭവനില്‍ അമല്‍ജിത്ത്(31), സഹോദരന്‍ അഖില്‍ജിത്ത്(29) എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ 23-ാം തീയതി വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയതായി പൂജപ്പുര പോലീസ് അറിയിച്ചു. അമല്‍ജിത്തിനുവേണ്ടി സഹോദരന്‍ അഖില്‍ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പോലീസ് നിഗമനം. രണ്ടുദിവസമായി ഒളിവില്‍ക്കഴിയുകയായിരുന്ന പ്രതികള്‍ പോലീസിനെ വെട്ടിച്ചാണ് വെള്ളിയാഴ്ച വഞ്ചിയൂരിലെ കോടതിയിലെത്തി കീഴടങ്ങിയത്.

 അമല്‍ജിത്തിനുവേണ്ടിയാണ് അനുജനായ അഖില്‍ജിത്ത് യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് പരീക്ഷയെഴുതാന്‍ എത്തിയത്. ഈ തസ്തികയിലേക്ക്, ഡിഗ്രി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാനാകില്ല. അമല്‍ജിത്തിന് ഡിഗ്രി യോഗ്യതയില്ല. എന്നാല്‍, അഖില്‍ജിത്ത് ഡിഗ്രി യോഗ്യതയുള്ളയാളാണ്. ഇരുവരും ഒരുമിച്ചാണ് പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള അഖില്‍ജിത്ത്, സഹോദരനുവേണ്ടി ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. അമല്‍ജിത്തിന്റെ നേമത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് സഹോദരന്‍ അഖില്‍ജിത്തും ഒളിവിലാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.

 ബുധനാഴ്ചയാണ് പി.എസ്.സി. പരീക്ഷയെഴുതാനായെത്തിയപ്പോള്‍ ബയോമെട്രിക് പരിശോധനയ്ക്കിടെ അഖില്‍ജിത്ത് ഓടി രക്ഷപ്പെട്ടത്. ബയോമെട്രിക് പരിശോധനായന്ത്രവുമായി ഉദ്യോഗസ്ഥന്‍ ക്ലാസുകളിലെത്തിയപ്പോള്‍ ആറാം നമ്പര്‍ മുറിയിലിരുന്ന ഉദ്യോഗാര്‍ഥിയായ ഇയാള്‍ ഹാള്‍ടിക്കറ്റുമായി പുറത്തേക്ക് ഓടുകയായിരുന്നു. സ്‌കൂള്‍ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ പുറത്തെത്തിയത്. പുറത്ത് റോഡരികില്‍ കാത്തുനിന്നയാളുടെ ബൈക്കിലാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ പി.എസ്.സി. സെക്രട്ടറിയും ഡി.ജി.പി.ക്കു പരാതി നല്‍കിയിരുന്നു.

 അമല്‍ജിത്തിന്റെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ബൈക്കില്‍ ഇവര്‍ രക്ഷപ്പെടുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയത്. അഖില്‍ജിത്ത് ഇതിനു മുന്‍പ് പോലീസ്, ഫയര്‍ഫോഴ്സ് എഴുത്തുപരീക്ഷകള്‍ പാസായെങ്കിലും കായികക്ഷമതാ പരീക്ഷയില്‍ പിന്തള്ളപ്പെട്ടിരുന്നതായും സൂചനയുണ്ട്. സംഭവത്തില്‍ രണ്ടുപേരെയും ചോദ്യംചെയ്താലേ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്.