09 May 2024 Thursday

യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്; സര്‍ക്കാറിന്റെ കൈയ്യില്‍ നയാപൈസയില്ലെന്ന് പ്രതിപക്ഷ നേതാവ്

ckmnews


തിരുവനന്തപുരം: യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും നഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ വിമര്‍ശിച്ചു. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം കെടുത്തി.

കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി. താങ്ങുവില 10 രൂപ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്. മൂന്ന് വര്‍ഷം കൊണ്ട് റബ്ബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. ലൈഫ് മിഷന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ മൂന്ന് ശതമാനം മാത്രമാണ് ചെലവാക്കിയത്. മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ്. പരിതാപകരമായ ധനസ്ഥിതി മറച്ചുവെക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. നികുതി നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ല.


വാറ്റ് നികുതി കുടിശ്ശിക പിരിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് കൂടുതല്‍ പരാമര്‍ശം. സര്‍ക്കാറിന്റെ കൈയ്യില്‍ നയാപൈസയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.