08 May 2024 Wednesday

ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ച ഇന്നും നാളെയുമായി നടക്കും.

ckmnews



ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ച ഞായറാഴ്ചയും തിങ്കളാഴ്‌ചയുമായി ആഘോഷിക്കും. ടിപ്പുസുൽത്താന്റെ പടയാളികളുമായി ഏറ്റുമുട്ടി മണത്തല നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പർ വീരചരമം പ്രാപിച്ചതിന്റെ ഓർമപുതുക്കിയാണ് മണത്തല നേർച്ച ആഘോഷിക്കുന്നത്. നേർച്ചയുടെ ഭാഗമായി നാൽപ്പതിലേറെ കാഴ്ചകൾ രണ്ടുദിവസങ്ങളിലായി മണത്തലയിലെ ജാറത്തിലെത്തും.


ഞായറാഴ്ച രാവിലെ ചാവക്കാട് ടൗണിൽനിന്നു പുറപ്പെടുന്ന പ്രജ്യോതിയുടെ ആദ്യ കാഴ്ചയോടെ തുടക്കംകുറിക്കും. രാവിലെ ഒമ്പതോടെ പ്രജ്യോതിയുടെ കാഴ്ച ജാറത്തിലെത്തും. ഞായറാഴ്‌ വൈകീട്ടും രാത്രിയുമായി 15 കാഴ്‌ചകൾകൂടി ജാറത്തിലെത്തും.നേർച്ചയുടെ പ്രധാന ദിനമായ തിങ്കളാഴ്ച രാവിലെ എട്ടിന് ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽനിന്ന് പ്രധാന ചടങ്ങുകളിലൊന്നായ താബൂത്ത് കാഴ്ച പുറപ്പെടും.


ഹൈദ്രോസ്കുട്ടി മൂപ്പരെ രാജകീയ ബഹുമതികളോടെ ഖബറടക്കിയതിന്റെ ഓർമയുണർത്തുന്ന താബൂത്ത് കാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയ്ക്ക് 12-ന് ജാറത്തിലെത്തും. ഇതിന് പിന്നാലെ മൂന്ന് കൊടികയറ്റക്കാഴ്ചകളെത്തി പള്ളിയങ്കണത്തിലെ താണിമരങ്ങളിലും പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കൊടികൾ കയറ്റും. വൈകീട്ട് ആറിന് മൂന്ന് നാട്ടുകാഴ്ചകൾ പള്ളിയങ്കണത്തിലെത്തും. രാത്രി വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും കാഴ്‌ചകളെത്തും. താബൂത്ത് കാഴ്ച ഉൾപ്പെടെ ഇരുപത്തഞ്ചിലേറെ കാഴ്‌ചകൾ ഞായറാഴ്ച ഉണ്ടാകും.