09 May 2024 Thursday

സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിട്ടും MVD ദ്രോഹിക്കുന്നു; കോടതിയലക്ഷ്യ ഹര്‍ജിയുമായി റോബിന്‍ ബസുടമ

ckmnews


മോട്ടോർവാഹന വകുപ്പിന്റെ തുടർച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സർവീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിൻ ബസ് ഉടമ കെ. കിഷോർ നൽകിയ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഗതാഗതവകുപ്പു സെക്രട്ടറി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജി ജനുവരി 22-നു വീണ്ടും പരിഗണിക്കും.

സർവീസ് നടത്താൻ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിന് മോട്ടോർ വാഹന വകുപ്പു പലതവണ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാത്തതിനെത്തുടർന്ന് ബസ് പിടിച്ചെടുത്തിരുന്നു. കോൺട്രാക്ട് കാരേജ് ലൈസൻസുള്ള റോബിൻ ബസ് സ്റ്റേജ് കാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടിയെടുത്തത്.


അതേസമയം, ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ (പെർമിറ്റ്) റൂൾസ് പ്രകാരം ടൂറിസ്റ്റ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത് കോൺട്രാക്ട് കാര്യേജിനുള്ള പെർമിറ്റാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ദേശസാത്കൃത റൂട്ടുകളിൽ ഉൾപ്പെടെ സർവീസ് നടത്താനും യാത്രക്കാരെ കയറ്റിയിറക്കാനും ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് അനുമതി നൽകുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) ചട്ടം 2023-ലെ ചില വ്യവസ്ഥകൾ മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. നൽകിയ ഹർജിയിലാണ് കേന്ദ്ര റോഡ് ഗതാഗത അണ്ടർ സെക്രട്ടറി സുശീൽകുമാർ ജീവ എതിർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

വിനോദസഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടുപോകാൻ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിക്കാമെന്ന ചട്ടത്തിലെ റൂൾ 6 (2), വിനോദസഞ്ചാരികളുടെ പട്ടിക സംബന്ധിച്ച റൂൾ 10, റൂൾ 13 എന്നിവ മോട്ടോർ വാഹന നിയമത്തിലെ കോൺട്രാക്ട് കാര്യേജിന്റെ നിർവചനത്തിനു വിരുദ്ധമല്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. മോട്ടോർവാഹന നിയമപ്രകാരം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് നൽകാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് രൂപവത്കരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.