09 May 2024 Thursday

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റിനായി ഡിജിറ്റൽ പണമിടപാട്; പരീക്ഷണവുമായി കെഎസ്ആർടിസി

ckmnews


തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള തയാറെടുപ്പുകളുമായി കെഎസ്ആർടിസി. പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിലൂടെ ടിക്കറ്റിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്താനും ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയാനുമെല്ലാം യാത്രക്കാർക്ക് കഴിയും.

ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വൈദ​ഗ്ധ്യമുള്ള ഒരു സ്വതന്ത്ര ഏജൻസിയായ കെആർഡിസിഎല്ലിനെ കെഎസ്ആർടിസി ചുമതലപ്പെടുത്തുകയും തുടർന്ന് നടത്തിയ ടെണ്ടർ നടപടികൾ മുഖേന ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ത്യയിലെ 51 പ്രധാന നഗരങ്ങളിലെ പൊതുഗതാഗത സംവിധാനത്തിൽ മേൽ സൂചിപ്പിച്ച സേവനങ്ങൾ വിജയകരമായി നടപ്പിലാക്കിയ കമ്പനിയാണ് ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ഇതിന് വേണ്ടിയുളള എല്ലാവിധ ഹാർഡ്‌വെയറുകളും ഡാറ്റ അനലിറ്റിക്സ് ഉൾപ്പടെയുള്ള ഡാറ്റ സപ്പോർട്ടും ചലോ കമ്പനി തന്നെ വഹിക്കും.

പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും പദ്ധതി പരീക്ഷിക്കും. ഡിസംബർ 28 മുതലാണ് ഇത് ആരംഭിക്കുക. യാത്രക്കാർക്ക് ഈ ബസുകളിൽ യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്.