09 May 2024 Thursday

ഐഎസ്എൽ മത്സരത്തിനിടെ സീലിംഗ് അടർന്ന് വീണ സംഭവം; പരിശോധനയ്ക്ക് ജിസിഡിഎ

ckmnews


കൊച്ചി: ഐഎസ്എൽ മത്സരത്തിനിടെ കലൂർ സ്റ്റേഡിയത്തിൽ സീലിംഗ് അടർന്ന് വീണതിൽ ജിസിഡിഎയുടെ പരിശോധന ഇന്നും തുടരും. ഡിസംബർ 24ന് നടന്ന കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിന്റെ സീലിം​ഗ് അടർന്നുവീഴുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ ആൾക്കൂട്ടം ഈ മത്സരം കാണുവാൻ ഉണ്ടായിരുന്നു. ഏകദേശം 35,000ത്തോളം ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

സീലിം​ഗ് അടർന്ന് വീണ് പെൺകുട്ടിയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജിസിഡിഎയുടെ സാങ്കേതിക സംഘം പരിശോധനയിലേക്ക് നീങ്ങുന്നത്. സീലിം​ഗ് അടർന്ന് വീഴുന്ന ഭാ​ഗത്ത് മാത്രമാണോ മറ്റു ഭാഗങ്ങളിലും ഈ പ്രശ്നമുണ്ടോയെന്നാണ് പ്രധാന പരിശോധന.


സ്റ്റേഡിയത്തിന്റെ ചില ഭാ​ഗങ്ങളിൽ വിള്ളൽ ഉൾപ്പെടെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇന്നലെ സ്റ്റേഡിയത്തിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് നടക്കുന്ന പരിശോധനയ്ക്ക് ശേഷമാണ് ഏത് തരത്തിലുള്ള അറ്റകുറ്റപ്പണികൾ വേണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിനായി പോയിരിക്കുകയാണ്.

ഫെബ്രുവരി മാസത്തിലാണ് ബ്ലാസ്റ്റേഴ്സിന് ഇനി ഹോം മത്സരമുള്ളത്. ഈ കാലയളവിൽ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമോ എന്നും ആലോചനകളുണ്ട്. എന്നാൽ ഈ സ്റ്റേഡിയത്തിന് വരുമാനം കുറവാണെന്ന് ജിസിഡിഎ പറയുന്നു. മുമ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പടെ നടന്ന അന്താരാഷ്ട്ര സ്റ്റേഡിയമാണിത്. എന്നാൽ ഇപ്പോൾ വർഷത്തിൽ നടക്കുന്ന 12 മത്സരങ്ങളിൽ നിന്ന് മാത്രമാണ് വരുമാനമുള്ളതെന്നും ജിസിഡിഎ പറയുന്നു.