08 May 2024 Wednesday

ട്രാഫിക് നിയമലംഘകരെ പാഠം പഠിപ്പിക്കാന്‍ പോലീസ് ആദ്യം ലൈസന്‍സ് പോകും, ലംഘനം തുടർന്നാൽ വണ്ടിയും;

ckmnews

ട്രാഫിക് നിയമലംഘകരെ പാഠം പഠിപ്പിക്കാന്‍ പോലീസ് ആദ്യം ലൈസന്‍സ് പോകും, ലംഘനം തുടർന്നാൽ  വണ്ടിയും; 


എത്ര ശിക്ഷ നല്‍കിയാലും എത്രത്തോളം ബോധവത്കരണം നടത്തിയാലും കുറയാത്ത ഒന്നാണ് ഇന്ത്യയിലെ ട്രാഫിക് നിയമലംഘനങ്ങള്‍. ഇത്തരം നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി നിരവധി നടപടികള്‍ പല സംസ്ഥാനങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും അല്‍പ്പം കടുത്ത നടപടിയിലേക്ക് കടക്കുകയാണ് ഉത്തര്‍പ്രദേശിലെ നോയിഡ പോലീസ്. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കായിരിക്കും കടുത്ത നടപടി സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഒരു വ്യക്തിയോ വാഹനമോ മൂന്ന് തവണ വരെ വരുത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ മാത്രമായിരിക്കും ശിക്ഷ. എന്നാല്‍, ഇത് മൂന്നും കടന്നാല്‍ ഡ്രൈവറിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി സ്വീകരിക്കും. എന്നാല്‍, നിയമലംഘനങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് കണ്ടെത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റര്‍ നോയിഡ സെക്ടറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നതെന്നാണ് വിവരം.


റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി കടുപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റെഡ് സിഗ്നല്‍ മറികടക്കുക, അമിതവേഗത, വാഹനത്തില്‍ അമിതഭാരം കയറ്റുക, ചരക്ക് വാഹനങ്ങളില്‍ ആളുകളുമായി യാത്ര ചെയ്യുക, മോബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ അതീവ ഗൗരവത്തോടെ കാണുകയും നടപടി ഉണ്ടാകുകയും ചെയ്യും.


ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് കടുത്ത നടപടികളിലേക്ക് പോകുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം മാത്രം നോയിഡ, ഗ്രേറ്റര്‍ നോയിഡ മേഖലകളില്‍ 1000-ത്തില്‍ അധികം റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ നിന്നാണ് 400 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.


പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഒരു വ്യക്തി തുടര്‍ച്ചയായി മൂന്നുതവണ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. സമാനമായി തന്നെ ഒരു വാഹനം തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയാല്‍ അതിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നില്ലെന്ന് വാഹനത്തിന്റെ ഡ്രൈവര്‍മാരും വാഹന ഉടമകളും ഉറപ്പുവരുത്തുന്നതിനാണ് ഈ ഇരട്ട നടപടിയെന്നാണ് വിശദീകരണം.