09 May 2024 Thursday

പാലക്കാട് ഡിസിസിയുടെ വിവാദ ശബരിമല പോസ്റ്റര്‍; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ പരാതി

ckmnews



പാലക്കാട്: ശബരിമല ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിഷേധ ഭജന'യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിസിസി തയ്യാറാക്കിയ പോസ്റ്റര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോസ്റ്റര്‍ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയിലൂടെ ആവശ്യപ്പെടുന്നു.

ശബരിമലയില്‍ തീര്‍ത്ഥാടനത്തിയ കുട്ടി കരയുന്ന ചിത്രം തെറ്റായി ഉപയോഗിച്ചായിരുന്നു പരിപാടിയുടെ പോസ്റ്റര്‍ പ്രചരിപ്പിച്ചത്. നേരത്തെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ചിത്രം തെറ്റായി പ്രചരിപ്പിച്ചിരുന്നു. ശബരിമലയില്‍ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം തെറ്റായി ഉപയോഗിച്ചാണ് പോസ്റ്റര്‍ നിര്‍മ്മിച്ചത്. ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പ് മുഖേനയാണ് ചിത്രം പ്രചരിപ്പിച്ചത്. ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റര്‍ ബ്ലോക്ക് മണ്ഡലം ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.


പിന്നീട് കുട്ടിയുടെ ചിത്രം തെറ്റായി ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന് പരിപാടിയുടെ പേരും പോസ്റ്ററും ഡിസിസി പിന്‍വലിച്ചു. കെപിസിസിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ച ചിത്രം ഉപയോഗിച്ചാണ് പോസ്റ്റര്‍ നിര്‍മ്മിച്ചതെന്നായിരുന്നു സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് ആദ്യ പ്രതികരിച്ചത്. എന്നാല്‍ വിവാദമായതോട ഇതും തിരുത്തി, പോസ്റ്റര്‍ നിര്‍മ്മിച്ചതിനെ കുറിച്ച് അറിവില്ലയെന്നായിരുന്നു ഡിസിസി പ്രസിഡന്റ് പിന്നീട് പ്രതികരിച്ചത്.