09 May 2024 Thursday

അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം

ckmnews


ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്‌പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്.തിരക്ക് നിയന്ത്രിക്കാൻ നേരെത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

നിലവിൽ ഒരു ഐ ജിയുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കി. ക്യു നിൽക്കുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകിത്തുടങ്ങി. തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നിലവിൽ 2200 ലധികം പൊലീസിനെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.


തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് എഡിജിപി ഇന്ന് വിശദീകരണം നല്‍കിയേക്കും. ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തിലും എഡിജിപി ഇന്ന് മറുപടി നല്‍കും.