പെട്രോൾപമ്പ് ജീവനക്കാരനെതിരെ വധശ്രമം; രണ്ടുപേർ അറസ്റ്റിൽ
എരുമേലി: പെട്രോൾപമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആമക്കുന്ന് വിലങ്ങുപാറ വീട്ടിൽ മുഹമ്മദ് ഫഹദ് (21), ഉറുമ്പിപാലം കുരിശുംമൂട്ടിൽ വീട്ടിൽ ആൽബിൻ കെ. അരുൺ (21) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരനെയാണ് ഇവർ ആക്രമിച്ചത്. കഴിഞ്ഞദിവസം പമ്പിലെത്തിയ ഇവർ ഇരുവരും അവിടെയുണ്ടായിരുന്ന ജീവനക്കാരന്റെ സുഹൃത്തും തമ്മിൽ വാക്തർക്കമുണ്ടായി. ബഹളം വെച്ചതിനെ ജീവനക്കാരനായ യുവാവ് ചോദ്യംചെയ്തതിനെ തുടർന്ന് യുവാവിനെ മർദിക്കുകയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തിനെയും പമ്പിലെ മറ്റ് ജീവനക്കാരനെയും ഇവർ മർദിച്ചു.
പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐമാരായ ശാന്തി കെ. ബാബു, രാധാകൃഷ്ണൻ, സി.പി.ഒമാരായ ചാക്കോ പൗലോസ്, സിജു കുട്ടപ്പൻ, ബോബി സുധീഷ്, രാജൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫഹദ് എരുമേലി സ്റ്റേഷനിലുംആൽബിൻ മുണ്ടക്കയം സ്റ്റേഷനിലും ക്രിമിനൽ കേസിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.