09 May 2024 Thursday

ആ ചില്ലറ പ്രശ്നമൊക്കെ തീരും; ജനുവരി മുതൽ KSRTC ഡിജിറ്റൽ ഇടപാട്

ckmnews



ചില്ലറ കരുതേണ്ട കാര്യമില്ല. കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെഎസ്ആർടിസി ബസിൽ തന്നെ ടിക്കറ്റെടുക്കാനാകും. ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാകും ലഭിക്കുക.


പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടർക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഒപ്പം ചലോ ആപ്പിലൂടെ സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന് സ്വകാര്യ കമ്പനിയുമായാണ് കരാർ.

ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ. അതോടൊപ്പം, ടിക്കറ്റിന്റെ ബാക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പും, ചില്ലറയുടെ പേരിലുള്ള തർക്കങ്ങൾക്കും ഇതോടെ ശമനമാകും എന്ന് കരുതാം. കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി.