09 May 2024 Thursday

42 പവന്റെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടം, തട്ടിപ്പ്; ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

ckmnews


ചവറ(കൊല്ലം): ക്ഷേത്രത്തിലെ തിരുവാഭരണത്തിനു പകരം ദേവിക്ക് ചാർത്താനായി മുക്കുപണ്ടമെത്തിച്ച കേസിൽ ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര വടക്ക് 482-ാംനമ്പർ എസ്.എൻ.ഡി.പി.ശാഖയുടെ മണ്ണാത്തറ ദേവീക്ഷേത്രത്തിലെ സെക്രട്ടറി പുത്തൻതുറ വളവിൽ വീട്ടിൽ ജിജോ(42)യാണ് അറസ്റ്റിലായത്.

കഴിഞ്ഞ നവരാത്രിക്ക് ദേവിക്ക് ചാർത്തുന്ന 42 പവൻ തൂക്കംവരുന്ന സ്വർണത്തിരുവാഭരണത്തിനു പകരം അതേ രീതിയിലുള്ള മുക്കുപണ്ടം ക്ഷേത്രത്തിലെത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. ക്ഷേത്രം മേൽശാന്തി ആഭരണങ്ങൾ ചോദിക്കുമ്പോഴെല്ലാം അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞ് ജിജോ ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ ക്ഷേത്രത്തിലെത്തിച്ച തിരുവാഭരണത്തിൽ നിറവ്യത്യാസം കണ്ടെത്തിയ മേൽശാന്തി വിശ്വാസികളെ വിവരമറിയിച്ചു. തുടർന്ന് മറ്റ് ഭാരവാഹികളും വിശ്വാസികളും ക്ഷേത്രത്തിലെത്തി ആഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. ഇതിനിടെ ജിജോ ഒളിവിൽപ്പോകുകയും ചെയ്തു.


വിശ്വാസികളുടെ പരാതിയിൽ കേസെടുത്ത് ചവറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊട്ടാരക്കരയിൽനിന്ന് പിടികൂടിയത്. ഇൻസ്പെക്ടർ ബിജു, എസ്.സി.പി.ഒ. അനിൽ, സി.പി.ഒ.മാരായ വൈശാഖ്, രീതഷ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. ജിജോ മാറ്റിയ സ്വർണാഭരണത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ ആഭരണം കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.