08 May 2024 Wednesday

കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിത്തുടങ്ങി

ckmnews


കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിത്തുടങ്ങി. 10 മണിയോടെ ആദ്യയാൾക്ക് പണം തിരികെ ലഭിച്ചു. പണം നൽകി തുടങ്ങിയതറിഞ്ഞ് അമ്പതിനായിരം രൂപയിൽ താഴെയും ഒരു ലക്ഷം രൂപക്ക് മുകളിലും നിക്ഷേപമുള്ളവരും ബാങ്കിൽ എത്തിയിരുന്നു.അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങളാണ് തിരികെ നൽകാൻ ആരംഭിച്ചത്. നിക്ഷേപങ്ങൾ തിരികെ നൽകുന്നതറിഞ്ഞ് നിരവധി പേരാണ് രാവിലെ മുതൽ കരുവന്നൂർ ബാങ്കിന്റെ ശാഖകളിലേക്ക് എത്തിയത്.


എന്നാൽ 11ാം തിയ്യതി മുതലാണ് അമ്പതിനായിരം രൂപ വരെയുള്ള കാലാവധി പൂർത്തികരിച്ച സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാനാവുക. 20ാം തിയതി മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും സേവിങ് നിക്ഷേപകർക്ക് അമ്പതിനായിരം വരെ പിൻവലിക്കാം.

ആകെയുള്ള 23,688 സേവിങ്ങ് ബാങ്ക് നിക്ഷേപരിൽ 21190 പേർക്ക് പൂർണ്ണമായി തുക പിൻവലിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. 134 കോടി രൂപയുടെ സ്ഥിര നിക്ഷേപത്തിൽ 79 കോടി രൂപ പൂർണമായി പിൻവലിക്കാനുള്ള അവസരം ഒരുക്കുമെന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.