09 May 2024 Thursday

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദ അന്തരിച്ചു

ckmnews


തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര കലാസംബന്ധമായ വിഷയങ്ങളിൽ ഗവേഷകനുമായ സാബു പ്രവദ അന്തരിച്ചു. ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ മാസം 18ന് തിരുവനന്തപുരത്ത് വെച്ചുണ്ടായ റോഡപകടത്തെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.


രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം , പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ സാബു പ്രവദ മലയാള സിനിമയിലെ വിവിധ ധാരകളിൽപ്പെട്ട ചലച്ചിത്ര പ്രവർത്തകരുമായി ഗാഢമായ സൗഹൃദം പുലർത്തിയിരുന്നു.

ഐ എഫ് എഫ് കെ അടക്കമുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. കലാ രംഗത്തെ മാറിവരുന്ന സാങ്കേതിക വിദ്യകൾ പഠിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ രൂപീകരണ നേതാവാണ്. മാക്ട , ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവിതൊട്ടേ സംഘടനാ തലത്തിൽ കലാപരമായ പ്രചാരണങ്ങളുടെ ചുമതലകൾ വഹിച്ചു.എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെയും മേനക സുകുമാരന്റെയും എട്ടു മക്കളിൽ മൂത്ത പുത്രനാണ് സാബു പ്രവദ. നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരൻ സഹോദരീഭർത്താവും ആണ്. ഭാര്യ: ഷേർളി സാബു, മകൻ: അശ്വിൻ സാബു.