08 May 2024 Wednesday

ഭാവനാപൂര്‍ണമായ പദ്ധതികള്‍ ജില്ലയ്ക്ക് സമ്മാനിച്ച് ജില്ലാ കലക്ടര്‍ ചുമതലയൊഴിയുന്നു

ckmnews



രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഒക്ടോബര്‍ 20 പടിയിറങ്ങും. ജില്ലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചും ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ടുമാണ് ജില്ലയോട് വിടപറയുന്നത്. കോവിഡ് ഭീഷണി വിട്ടുമാറാതിരുന്ന പ്രതിസന്ധിഘട്ടത്തില്‍ 2021 സെപ്റ്റംബര്‍ പത്തിനാണ് ജില്ലാ കലക്ടറായി മലപ്പുറത്തെത്തുന്നത്. 


കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമായി നടപ്പാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ സാധിച്ചു.ഇക്കാലയളവില്‍ ജില്ലയുടെ വികസനത്തിന് സവിശേഷമായ പദ്ധതികള്‍ തയ്യാറാക്കിയും സ്വന്തം ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റിയുമാണ് ജില്ലാ കലക്ടറുടെ ചുമതലയൊഴിയുന്നത്.പട്ടയ  വിതരണത്തിലും  ഫയല്‍ തീര്‍പ്പാക്കുന്ന കാര്യത്തിലും കഴിഞ്ഞ രണ്ടുവര്‍ഷം ജില്ലയ്ക്ക് നേട്ടങ്ങള്‍ കൈവരിക്കാനായത് ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് കാണുന്നത്.  21,274 പട്ടയങ്ങള്‍ അര്‍ഹരായവരുടെ കൈകളിലെത്തിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം പട്ടയങ്ങള്‍ വിതരണം ചെയ്ത ജില്ലകളിലൊന്നായി മലപ്പുറത്തിന് മാറാന്‍ സാധിച്ചു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ല, താലൂക്ക്, വില്ലേജ് തലങ്ങളില്‍ സമിതികള്‍ രൂപീകരിച്ചും അദാലത്തുകള്‍ സംഘടിപ്പിച്ചുമാണ് ഭൂവുടമകള്‍ക്ക് അവരുടെ രേഖകള്‍ സമയബന്ധിതമായി കൈമാറിയത്. 5,67,600 ഫയലുകളില്‍ 4,99,568 ഫയലുകള്‍ തീര്‍പ്പാക്കി ജില്ല സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ചു. ഇ- ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം കാര്യക്ഷമമായി നടപ്പാക്കി.ജില്ലയുടെ വിദൂരപ്രദേശങ്ങളില്‍നിന്ന് കലക്ടറേറ്റ് വരെ വന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമമായി.ഇതോടൊപ്പം  വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവുകയും സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാവുകയും ചെയ്തു.ദേശീയപാത 66ന് വേണ്ടി 24 വില്ലേജുകളിലായി 203.4168 ഹെക്ടര്‍ഭൂമി നിശ്ചിതസമയത്തിനുള്ളില്‍ ഏറ്റെടുക്കുകയും 3433.90 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു.കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ രണ്ട് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.പരാതികള്‍ക്കിട നല്‍കാതെ ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.ഭൂമി വിട്ടുനല്‍കിയവരെയും ജനപ്രതിനിധികളെയും  ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി, അവരെ ഓരോരുത്തരെയും അഭിനന്ദനം അറിയിക്കുന്ന ചടങ്ങ് സംഘടിപ്പിക്കാനും കഴിഞ്ഞു.ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പും നഷ്ടപരിഹാര വിതരണവും കുറ്റമറ്റ രീതിയിലും വേഗതയിലും പൂര്‍ത്തിയാക്കിവരുന്നു.കാന്‍സര്‍ ഉള്‍പ്പെടെ ജീവിതശൈലീരോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് മുഖേന സമ്പൂര്‍ണ ആരോഗ്യ പരിപാടി നടപ്പാക്കിവരുന്നു.  മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങി മുഴുവന്‍ രേഖകളും ലഭ്യമാക്കുന്നതിന് എ.ബി.സി.ഡി പരിപാടി ഫലപ്രദമായി നടപ്പാക്കി വരുന്നു. വിദ്യാസമ്പന്നരായ എല്ലാ യുവാക്കള്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു.


ഭരണകൂടത്തിന്റെ കൈത്താങ്ങ് ആവശ്യമായ ജനവിഭാഗങ്ങള്‍ക്കായി സവിശേഷമായ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റ് പ്രധാനവകുപ്പുകള്‍ എന്നിവ മുഖേന നടപ്പാക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു.മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കുകയും ബന്ധപ്പെട്ട വകുപ്പുകളെ നടത്തിപ്പിനായി ചുമതലപ്പെടുത്തുകയും ചെയ്തു.മുതിര്‍ന്ന സ്ത്രീകള്‍ക്ക് വേണ്ടി ഡിജിറ്റല്‍ സാക്ഷരത മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ലിറ്ററസി ട്രെയിനിങ് ഡ്രൈവ് കുടുംബശ്രീ മുഖേന നടപ്പാക്കുകയാണ്. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഹാര്‍ട്ട് എന്ന പേരില്‍ പദ്ധതി നടപ്പാക്കി പരിശീലനം തുടങ്ങി. ഒരു പഞ്ചായത്തില്‍ 300 പ്രവര്‍ത്തകരെ ഇത്തരത്തില്‍ പരിശീലനം നല്‍കി സേവനസന്നദ്ധരാക്കുക എന്നതാണ് ലക്ഷ്യം. 18 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി തുടര്‍വിദ്യാഭ്യാസ  പരിപാടികള്‍ക്കായി പദ്ധതി തയ്യാറാക്കി. 4000 പേര്‍ക്ക്  പ്രയോജനപ്പെടുന്ന പദ്ധതിക്ക് 56 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.  മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കമ്മ്യൂണിറ്റി കൗണ്‍സലിങ് പരിപാടി നടപ്പാക്കുന്നുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളെ കൂടാതെ ആരോഗ്യം, പൊലീസ്, എക്‌സൈസ്, വനിതാ-ശിശു വികസനം എന്നീ വകുപ്പുകളും ചേര്‍ന്ന് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. രക്തദാന സേന,പാലിയേറ്റിവ് വളന്റിയര്‍ എന്നിവ രൂപീകരിക്കുന്നതോടൊപ്പം പാഴ്‌വസ്തുക്കളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പദ്ധതികള്‍ വരെ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്നു. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തൃശൂരില്‍ വിളിച്ചുചേര്‍ത്ത മേഖലാതല അവലോകനയോഗത്തില്‍ ജില്ലയുടെ ആവശ്യങ്ങളും നടപ്പാക്കിയ പദ്ധതികളും സമഗ്രവും കാര്യക്ഷമവുമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.സമഗ്രമായ കാഴ്ചപ്പാടോടുകൂടി ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കി ജില്ലയുടെ വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ വി.ആര്‍ പ്രേംകുമാര്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കലക്ടറേറ്റിന്റെ പടിയിറങ്ങുമ്പോഴും അദ്ദേഹം തുടങ്ങിവച്ച പദ്ധതികളുടെ ഗുണഫലം ഇവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ ആയാണ് പുതിയ നിയമനം.