09 May 2024 Thursday

കലാസംവിധായകൻ മിലൻ അന്തരിച്ചു; അന്ത്യം അജിത്ത് സിനിമ 'വിടാമുയർച്ചി'യുടെ ചിത്രീകരണത്തിനിടെ

ckmnews

കലാസംവിധായകൻ മിലൻ അന്തരിച്ചു; അന്ത്യം അജിത്ത് സിനിമ 'വിടാമുയർച്ചി'യുടെ ചിത്രീകരണത്തിനിടെ


അസർബൈജാൻ:പ്രശസ്ത കലാസംവിധായകൻ മിലൻ (54) ഹൃദയാഘാതത്തേ തുടർന്ന് അന്തരിച്ചു. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനേത്തുടർന്ന് മിലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.


കഴിഞ്ഞദിവസം രാത്രി പതിവ് ചിത്രീകരണജോലികൾക്ക് ശേഷം തിരികെ ​ഹോട്ടൽമുറിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുന്നോടിയായി ടീം അം​ഗങ്ങളെ വിളിച്ചുചേർത്തിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.


വിവരമറിഞ്ഞ് അജിത്ത്, മകിഴ് തിരുമേനി, ഛായാ​ഗ്രാഹകൻ നീരവ് ഷാ എന്നിവർ ആശുപത്രിയിലെത്തുമ്പോഴേക്കും മിലന്റെ മരണം സംഭവിച്ചിരുന്നു. അജിത്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മിലൻ. മലയാളത്തിൽ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാർ എന്ന ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്.