08 May 2024 Wednesday

ബാങ്ക് വായ്പയെടുത്തതിന്റെ പേരിൽ ആത്മഹത്യ വർദ്ധിക്കുന്നു തൃശ്ശൂരിൽ ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർ തൂങ്ങിമരിച്ചു

ckmnews

ബാങ്ക് വായ്പയെടുത്തതിന്റെ പേരിൽ ആത്മഹത്യ വർദ്ധിക്കുന്നു


തൃശ്ശൂരിൽ ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർ തൂങ്ങിമരിച്ചു


തൃശ്ശൂർ: വായ്പ കുടിശ്ശികയുടെ പേരിൽ സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. പാറപ്പുറം സ്വദേശി ബിജു (42) ആണ് തൂങ്ങിമരിച്ചത്. തൃശ്ശൂർ മാള കുഴൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മരിച്ച ബിജു. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


ബിജുവിന് കുഴൂർ സാഹകരണ ബാങ്കിൽ മൂന്ന് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയുണ്ടായിരുന്നതായാണ് ബന്ധുക്കൾ അറിയിക്കുന്നത്. ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഭാര്യ ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. ഭാര്യ ബാങ്കിലെത്തി സംസാരിച്ചതിന് ശേഷമാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അതിനാൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണി ഭയന്നാണ് ബിജു ജീവനൊടുക്കിയത് എന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.


അതേസമയം ലോൺ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണി മൂലം കോട്ടയത്ത് ഇന്നലെ വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. അയ്മനം കുടയപടി സ്വദേശിയായ കെ സി ബിനു (50) ആണ് വീടിനുള്ളിൽ ജീവനൊടുക്കിയത്.ഇന്നലെ ഉച്ചയോടെയാണ് ബിനുവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുടിശ്ശികയുടെ പേരിൽ ബാങ്കിലെ ജീവനക്കാർ ബീനുവിനെ നിരന്തരമായി കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് കുടുംബം നൽകിയ പരാതി. ലോൺ തിരിച്ചടയ്ക്കുന്നതിന് ബാങ്ക് സാവകാശം നൽകിയില്ലെന്നും വീട്ടിൽ വന്ന് നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് ബിനുവിന്റെ ഭാര്യ പറഞ്ഞത്. ബാങ്ക് മാനേജർ അച്ഛനെ നിരന്തരമായി ഭീഷണിപ്പെടുത്തിയതായും മകളും ആരോപിച്ചു.കർണാടക ബാങ്കിന്റെ കോട്ടയം ശാഖയിൽ നിന്നും ബിനു ലോൺ എടുത്തിരുന്നുവെന്നും മുൻപും ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ടായിരുന്നുവെന്നും മകൾ പറഞ്ഞു.