09 May 2024 Thursday

ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ല:മന്ത്രി കെ എന്‍ ബാലഗോപാല്‍

ckmnews



ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായുള്ള നടത്തിപ്പിനായി കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നല്‍കി. എന്നാല്‍ കേന്ദ്രം സാങ്കേതികത്വം പറഞ്ഞ് പണം മുടക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രം പണം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. എന്നാല്‍ സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എം പിമാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അവര്‍ വിഷയത്തില്‍ കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതി വിഷയം എം പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണം.

ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായവും ആവശ്യമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രം പറയുന്നത് അര്‍ധസത്യങ്ങളെന്ന് മന്ത്രി വി ശിവന്‍ കുട്ടി പ്രതികരിച്ചു. കേന്ദ്രവിഹിതം മുടങ്ങിയപ്പോഴും സംസ്ഥാനം കൃത്യമായി പണം അടച്ചു. സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി മുടങ്ങാനുള്ള കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കാത്തതാണെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടിയാണ് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് അനുവദിച്ച 132.9 കോടി രൂപ കേന്ദ്ര വിഹിതമാണ്. കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം മുടക്കിയ തുകയാണിത്. ഈ തുകയായ 132.9 കോടി രൂപയാണ് പിന്നീട് കേന്ദ്രം മടക്കി നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും കൈരളി ന്യൂസിന് ലഭിച്ചു. കേന്ദ്രം പണം നല്‍കിയില്ലെങ്കിലും ഉച്ചഭക്ഷണം നല്‍കാതിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.