08 May 2024 Wednesday

പുലിക്കളിയുടെ താളമേളങ്ങള്‍ക്ക് പ്രൗഢഗംഭീര പരിസമാപ്തി; അയ്യന്തോളിന് ഒന്നാം സ്ഥാനം

ckmnews



തൃശൂര്‍ നഗരത്തെ മണിക്കൂറുകളോളം കൈയടക്കി വച്ച് നാടിനെ ആവേശത്തിലാഴ്ത്തിയ പുലികളുടെ മത്സരത്തിന് പരിസമാപ്തി. അയ്യന്തോള്‍ ദേശമാണ് പുലികളിയില്‍ ഒന്നാം സ്ഥാനം നേടിയത്. പുലി വേഷത്തില്‍ ഒന്നാം സ്ഥാനം സീതാറാം പൂങ്കുന്നം നേടി. മികച്ച ചമയ പ്രദര്‍ശനത്തിന് വിയ്യൂരും പുലിക്കൊട്ടിനും അച്ചടക്കത്തിനും പുലിവണ്ടിയ്ക്കും ഹരിതവണ്ടിയ്ക്കും ടാബ്ലോയ്ക്കും അയ്യന്തോള്‍ തെരഞ്ഞെടുക്കപ്പെട്ടു.


പുലര്‍ച്ചെ മുതല്‍ തന്നെ പുലികളാവാനുള്ള മെയ്യെഴുത്ത് തുടങ്ങിയതോടെ നഗരം പുലിപ്പൂരത്തിന്റെ ആവേശത്തിലായി. ഉച്ചയോടെ തന്നെ ഒരുക്കങ്ങള്‍ കഴിഞ്ഞ് തട്ടകങ്ങളില്‍ പുലികള്‍ ചുവടുവെച്ച് തുടങ്ങി. വൈകീട്ട് നഗരത്തിലിറങ്ങിയ ഓരോ പുലിക്കൂട്ടവും പ്രധാന ചടങ്ങ് നടക്കുന്ന സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങി. വൈകീട്ട് അഞ്ചിന് വിയ്യൂര്‍ സംഘത്തിനാണ് ആദ്യ പ്രവേശനമനുവദിച്ച് ഫ്‌ളാഗ് ഓഫ് ചെയ്തത്. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് നൃത്തച്ചുവടുകള്‍ വെച്ചു. പിന്നാലെ ശക്തന്‍, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം ദേശങ്ങളില്‍നിന്നായി 250ഓളം പുലികളാണ് പൂരനഗരിയിലെത്തിയത്.


സീതാറാം മില്‍ ദേശത്തിനൊപ്പം ചുവട് വയ്ക്കാന്‍ ഇത്തവണ രണ്ട് പെണ്‍ പുലികളുമുണ്ടായിരുന്നു. പുരാണങ്ങളും സാമൂഹിക വിഷയങ്ങളും ഉള്‍പ്പെടുത്തിയ നിശ്ചല ദൃശ്യങ്ങളും ആഘോഷത്തിന് പൊലിമയേകി. അസുരവാദ്യവും അരമണികിലുക്കവും ആഹ്ലാദാരവുമായി നഗരം മണിക്കൂറുകളോളം പ്രകമ്പനം കൊണ്ടപ്പോള്‍ തൃശൂരിന്റെ പുലിപ്പൂരം കെങ്കേമമായി.