09 May 2024 Thursday

3 ചക്രവാതച്ചുഴി; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെലോ അലർട്ട്

ckmnews

3 ചക്രവാതച്ചുഴി; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം:കേരളത്തിൽ വരുംദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിദർഭയ്‌ക്കും ഛത്തീസ്‌ഗഡിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴയ്ക്കു സാധ്യത.


തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും മുകളിലായും, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായും മറ്റു രണ്ടു ചക്രവാതച്ചുഴികളും നിലനിൽക്കുന്നു. തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡീഷ - ആന്ധ്രപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരള തീരത്ത് മൂന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.