09 May 2024 Thursday

വ്യാജ ഡിഗ്രി വിവാദം: നിഖിൽ ചെയ്തത് കൊടുംചതിയെന്ന് സിപിഎം; കോളേജ് പ്രവേശനത്തിന് പാർട്ടി സഹായം തേടി

ckmnews


ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവായ നിഖില്‍ തോമസിനെ തള്ളി സി പി എം. കോളേജ് പ്രവേശനത്തിന് പാർട്ടിയുടെ സഹായം തേടിയ നിഖില്‍ തോമസ് ചെയ്തത് കൊടും ചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധപൂര്‍വം സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽനിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംഎസ്എം കോളേജിൽ എംകോമിന് പ്രവേശനം തേടാൻ ശ്രമിച്ച സംഭവമാണ് വിവാദമായത്. ഈ സംഭവത്തിൽ സിപിഎമ്മും എസ്എഫ്ഐയും പ്രതിരോധത്തിലാണ്. സിൻഡിക്കേറ്റംഗമായ ആലപ്പുഴയിലെ സി പി എം നേതാവാണ് നിഖിലിന് പ്രവേശനം നല്‍കാൻ കോളേജില്‍ ശുപാര്‍ശ ചെയ്തതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ എച്ച്‌ ബാബുരാജിനെതിരെയാണ് കെ എസ് യുവിന്റെ ആരോപണം.


അതിനിടെ കലിംഗ സർവകലാശാല നിഖില്‍ തോമസിനെതിരെ പരാതി നല്‍കാനുള്ള നടപടികള്‍ തുടങ്ങി. ഇതിനുവേണ്ടി വിലാസമടക്കമുള്ള രേഖകള്‍ സര്‍വകലാശാല ലീഗല്‍ സെല്‍ ശേഖരിക്കുന്നുണ്ട്. നിഖിൽ തോമസ് എന്നൊരു വിദ്യാർഥി പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


നേരത്തെ മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് നിഖിലിന്റെ വ്യാജ ഡിഗ്രി പ്രശ്നവും പുറത്തുവന്നത്. നിഖിലിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റല്ലെന്നും പരീക്ഷയെഴുതി പാസായതാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളയില്‍ 75% ഹാജരുള്ളയാള്‍ അതേ കാലത്ത് എങ്ങനെ കലിംഗയില്‍ കോഴ്സ് പഠിച്ച്‌ വിജയിച്ചെന്നും വ്യാജസര്‍ട്ടിഫിക്കറ്റാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി കേരള യൂണിവേഴ്സിറ്റി വി സി ഡോ മോഹനൻ കുന്നുമ്മല്‍ രംഗത്തെത്തി. ഇതോടെയാണ് എസ് എഫ് ഐ വാദം പൊളിഞ്ഞത്. അതിന് പിന്നാലെ നിഖിൽ എന്നൊരാൾ പഠിച്ചിട്ടില്ലെന്നും പരീക്ഷ എഴുതി പാസായിട്ടില്ലെന്നും കലിംഗ സർവകലാശാല രജിസ്ട്രാറും വ്യക്തമാക്കി.