09 May 2024 Thursday

അക്രമാസക്തരാകാൻ സാധ്യതയുള്ളവർക്ക് കോടതി അനുമതിയോടെ കൈവിലങ്ങ്;മാർഗനിർദേശം

ckmnews

അക്രമാസക്തരാകാൻ സാധ്യതയുള്ളവർക്ക് കോടതി അനുമതിയോടെ കൈവിലങ്ങ്;മാർഗനിർദേശം


തിരുവനന്തപുരം:അക്രമാസക്തരാകാൻ സാധ്യതയുള്ളവരെ കോടതിയിലോ ആശുപത്രിയിലോ ഹാജരാക്കുമ്പോൾ, കോടതി അനുമതിയോടെ കൈവിലങ്ങ് അണിയിക്കാൻ നിർദേശം. ഇത്തരക്കാരെ പരിശോധനയ്‌ക്കെത്തിക്കും മുൻപ് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകണം. സുരക്ഷ ഒരുക്കാൻ പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകാനും എഡിജിപി അജിത് കുമാർ തയാറാക്കിയ മാർഗനിർദേശത്തിൽ പറയുന്നു. 


ഡോ. വന്ദനദാസിന്റെ ക്രൂരകൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശം. ഏത് വ്യക്തികളെ കൊണ്ടുവരുമ്പോഴും അയാൾ അക്രമാസക്തനാകുന്ന സ്വഭാവമുള്ളയാളാണോയെന്ന് ബന്ധുക്കളോടും നാട്ടുകാരോടും ചോദിച്ച് അറിയണം. കൈയിലോ ശരീരത്തിലോ ആയുധങ്ങളില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകാൻ സാധ്യതയുണ്ടെങ്കിൽ ബന്ധുവിനെയോ നാട്ടുകാരനെയോ കൂടെ കൂട്ടണം.

ആശുപത്രിയിലെത്തിക്കും മുൻപ് ഡോക്ടർമാരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാ ക്രമീകരണം ശക്തമാക്കണം. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രം പരിശോധനാ സമയത്ത് കസ്റ്റഡിയിലുള്ളയാളിന്റെ സമീപത്തുനിന്ന് മാറാം. നേരിട്ട് കാണാവുന്ന അകലത്തിൽ മാത്രമെ മാറിനിൽക്കാവൂ. 


കത്രിക ഉൾപ്പെടെയുള്ള ആയുധങ്ങൾ കയ്യകലത്തിൽനിന്ന് മാറ്റിവയ്ക്കണം. അക്രമാസക്തനായാൽ ഡോക്ടറുടെ അനുമതി കൂടാതെ തന്നെ ഇടപെടണം. ഇത്തരക്കാരെ കൊണ്ടുവരുമ്പോൾ എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനോട് സാഹചര്യം വിശദീകരിച്ച ശേഷം അനുമതിയുണ്ടെങ്കിൽ കൈവിലങ്ങ് അണിയിക്കാം.