26 April 2024 Friday

സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി

ckmnews

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടുകൂടിയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. സെപ്റ്റംബര്‍ 16-ന് ബില്‍ ലോക്‌സഭയും കടന്നിരുന്നു.

ജൂണ്‍ 26-ലെ ഓര്‍ഡിനന്‍സിന് പകരമായിട്ടുള്ള ബില്ലാണിത്. പി.എം.സി ബാങ്ക് അഴിമതിക്ക് പിന്നാലെയാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇത്തരമൊരു നീക്കം നടത്തിയത്.

റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം വരുന്നതോടുകൂടി സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വ്വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിക്ഷേപകരുടെ താത്പര്യം പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിനാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ ഹ്രസ്വ ചര്‍ച്ചയ്ക്ക് മറുപടി നല്‍കി.

ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും അവര്‍ വിശദീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നിരവധി സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. ഇവയുടെ ധനസ്ഥിതി ആര്‍.ബി.ഐ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.