09 May 2024 Thursday

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, 9 ജില്ലക‍ളില്‍ യെലോ അലര്‍ട്ട്; മഴയ്ക്കും സാധ്യത

ckmnews


തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒന്‍പത് ജില്ലക‍ളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.


കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും മലപ്പുറം ജില്ലയിൽ 35°C വരെയും (സാധാരണയെക്കാൾ 2°C - 4°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ടു ദിവസങ്ങളിൽ മലയോര പ്രദേശങ്ങളിൽ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.



അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇന്ന് മധ്യ അറബിക്കടലിന്റെ മധ്യപ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.