08 May 2024 Wednesday

വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്‌ച കണ്ടെത്തി: യുവാവിന് 25 ലക്ഷം രൂപ പാരിതോഷികം

ckmnews


പെരിന്തൽമണ്ണ∙ പ്രമുഖ അമേരിക്കൻ വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയതിന് 25 ലക്ഷം രൂപ പാരിതോഷികം നേടി വിദ്യാർഥി. പെരിന്തൽമണ്ണ റെഡ് ടീം ഹാക്കേഴ്സ് അക്കാദമിയിലെ വിദ്യാർഥിയായിരുന്ന തച്ചനാട്ടുകര കുണ്ടൂർക്കുന്ന് സ്വദേശി ഗോകുൽ സുധാകറാണ്(25) സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് രംഗത്തു നേട്ടമുണ്ടാക്കിയത്. ഗോകുൽ സുധാകറിനു പെരിന്തൽമണ്ണയിൽ സ്വീകരണമൊരുക്കി. 


ഈ രീതിയിൽ അടുത്ത കാലത്തു ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലത്തുകയാണിതെന്നു ഗോകുൽ സുധാകർ പറഞ്ഞു. ബിടെക് പഠനം പാതിവഴിയിലെത്തിയപ്പോഴാണു ഗോകുൽ സുധാകർ സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സിഐസിഎസ്‌എ കോഴ്‌സിനു ചേർന്നത്. നാലു മാസത്തെ കോഴ്‌സിനു ശേഷം ഗോകുൽ ബഗ് ബൗണ്ടി എന്ന പ്രോഗ്രാം വഴി വിവിധ വിദേശ സൈറ്റുകളുടെയും സർക്കാർ വെബ്‌സൈറ്റ് ഉൾപ്പെടെ ഇരുപതിലേറെ സൈറ്റുകളുടെയും സുരക്ഷാ വീഴ്‌ച ഇതിനകം കണ്ടെത്തി ശ്രദ്ധേയനായിട്ടുണ്ട്. അമേരിക്കൻ പണമിടപാട് സ്ഥാപനത്തിന്റെ വെബ്സൈ‌റ്റിലെ തകരാറുകൾ കണ്ടെത്തിയതു സ്വന്തമായ നിരീക്ഷണത്തിലാണ്. 



ഇതു റിപ്പോർട്ട് ചെയ്‌തതിനെത്തുട‌ർന്നാണു പാരിതോഷികം ലഭിച്ചതെന്നു ഗോകുൽ പറഞ്ഞു. ബിടെക് പഠനം പൂർത്തിയാക്കിയ ഗോകുൽ ഇപ്പോൾ ഫ്രീലാൻസ് ആയി ബഗ് ബൗണ്ടി ചെയ്‌തു വരികയാണ്. സൈബർ ഹാക്കിങ് മേഖലയോടു വലിയ താൽപര്യമുള്ള ഗോകുൽ കൂടുതൽ പരിശ്രമത്തിലൂടെ ഇത്തരം വെബ്‌സൈറ്റ് സുരക്ഷാ തകരാറുകൾ കണ്ടെത്താനുള്ള തയാറെട‌ുപ്പിലാണ്. റിട്ട.അധ്യാപകൻ സുധാകരന്റെയും നഴ്‌സ് ആയ ജലജയുടെയും മകനാണ്.