08 May 2024 Wednesday

മലപ്പുറം എടവണ്ണയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ 3 പേർ കൂടി അറസ്റ്റിൽ; പിടിയിലായത് പിസ്റ്റൾ വാങ്ങാൻ സഹായിച്ചവർ

ckmnews


മലപ്പുറം എടവണ്ണയിൽ  യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഷാന് സഹായം നൽകിയ മൂന്ന് പേരാണ് പിടിയിലായത്. കേസിൽ ഇത് വരെ നാല് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട റിഥാനെ വെടി വെക്കാന് ഉപയോഗിച്ച പിസ്റ്റൾ വാങ്ങിയത് ഡൽഹിയിൽ നിന്ന് ആയിരുന്നു. ഇറ്റാലിയൻ നിർമിത പിസ്റ്റൾ വാങ്ങിയയാളും സാമ്പത്തിക സഹായം ചെയ്തയാളും ആണ് അറസ്ററിലായത്. മുഖ്യ പ്രതിക്കൊപ്പം

പിസ്റ്റൾ വാങ്ങാൻ പോയ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ബൈത്തുൾ അജ്ന ഹൗസിൽ അഫ്നാസ് (29), സാമ്പത്തിക സഹായം നൽകിയ എടവണ്ണ മുണ്ടേങ്ങര  മഞ്ഞളാംപറമ്പൻ  റഹ്മാൻ ഇബ്നു ഹൗഫ് (29), തിരുവാലി സ്വദേശി പുളിയക്കോടൻ അനസ് (31) എന്നിവരെയാണ് അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.


പിടിയിലായ മൂന്നു പേർക്കും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും മുഖ്യ പ്രതി കൊലപാതക ആസൂത്രണത്തിൻ്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ ഇവരുടെ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. കേസിലെ മുഖ്യ പ്രതി എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാനിനെ (30) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


കൊല്ലപ്പെട്ട ചെമ്പത്ത് സ്വദേശി അരയിലകത്ത് റിഥാൻ ബാസിലു (27) മായി പ്രതി മുഹമ്മദ് ഷാന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഒന്നര വർഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

മുഹമ്മദ് ഷാനും അഫ്നാസും ചേർന്നാണ് ഡൽഹിയിൽ നിന്ന് പിസ്റ്റൾ വാങ്ങിയതെന്നാണ് കരുതുന്നത്. ഹൗഫും അനസും അവർക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ബഹ്റിനിൽ നിന്നും സൗദിയിലേക്ക് മദ്യം കടത്തിയതിന് 2021 ൽ ഷാൻ 6 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. വ്യാജമദ്യം കൈവശം വെച്ചതിന് അഫ്നാസ് ഈ സമയം അവിടെ ജയിൽ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഷാൻ അഫ്നാസിനെ പരിചയപ്പെടുന്നത്.പ്രതിയുടെ ജ്യേഷ്ഠൻ നിസ്സാമിൻ്റെ അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്  അറസ്റ്റിലായ അനസ്. പോലീസുകാരെ ആക്രമിച്ചതുൾപ്പടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഇയാള്‍.


സംഭവം പുറത്ത് വന്ന മുതൽ അനസ് പോലീസ് നീരിക്ഷണത്തിലായിരുന്നു. മൂന്ന് ദിവസങ്ങളിലായി പോലീസ് വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ  സ്വർണ്ണകടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന്  കണ്ടെത്തിയിട്ടുണ്ട്. ഷാൻ്റെ ബന്ധുവാണ് ഹൗഫ്.


ഏപ്രിൽ 22 ന്  രാവിലെ എട്ട് മണിയോടെ വീടിന് സമീപത്തെ മലയിലാണ് റിദാനെ വെടിയേറ്റ് മരിച്ച നിലയിൽ   കണ്ടെത്തിയത്.  21ന് രാത്രി ഒമ്പത് മണിയോടെയാണ് മുഹമ്മദ് ഷാൻ സ്കൂട്ടറിലെത്തി റിഥാനെ സ്ഥലത്ത് എത്തിച്ചത്.  വാടകയ്‌ക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംസാരിക്കാനെന്ന് പറഞ്ഞാണ്  കൊണ്ടുപോയത്. കുന്നിൻ മുകളിൽ നിന്ന് റിഥാൻ ഭാര്യയുടെ ഫോണിൽ വിളിച് രാത്രി 10.30ന് വീട്ടിലെത്തുമെന്ന്  അറിയിച്ചു.  തുടർന്ന് പ്രതി റിഥാനോട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും   റിഥാനെ വെടിവെച്ച് കൊല്ലുകയും ആയിരുന്നു .


ഏഴ് റൗണ്ട് വെടിയുതിർത്തെങ്കിലും മൂന്ന് തവണ മാത്രമാണ് ശരീരത്തിൽ തറച്ചത്..  റിഥാൻ നിലത്ത് വീണു മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം പ്രതി റിഥാന്റെ ഫോണുമായി മടങ്ങി സീതിഹാജി പാലത്തിന് മുകളിൽ നിന്ന് ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞു.  ഇതിനിടെ റിഥാന്റെ ഭാര്യയെ വിളിച്ച് താൻ അവിടെ നിന്ന് പോയിട്ടുണ്ടെന്നും റിഥാൻ   അവിടെ ഉണ്ടെന്നും പറഞ്ഞു.  ഭാര്യ റിഥാനെ ഫോണിൽ പലതവണ വിളിച്ചെങ്കിലും  ഫോൺ സ്വിച്ച് ഓഫായിരുന്നു. മുഹമ്മദ് ഷാനോട് അന്വേഷിച്ചപ്പോൾ തനിക്കറിയില്ലെന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറുകയായിരുന്നു.

റിഥാൻ മരിച്ച സ്ഥലത്ത് സംശയം തോന്നാതിരിക്കാൻ പ്രതികളും  എത്തിയിരുന്നു.


തൻ്റെയും സഹോദരൻ്റെയും ചില ഇടപാടുകൾ റിഥാൻ ബാസിൽ ഒറ്റികൊടുത്തുവെന്ന മുഹമ്മദ് ഷാൻ്റെ    സംശയമാണ്  കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. ഉള്ളിലെ പക പുറത്ത് കാണിക്കാതെ പുറമെ സ്നേഹം നടിച്ചാണ് റിദാൻ ബാസിലിനെ മുഹമ്മദ് ഷാൻ വകവരുത്തിയത്.പ്രതി ഷാനെ നാലാം തീയ്യതി വരെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.