26 April 2024 Friday

അതീഖ് അഹമ്മദിന്റെ ശരീരത്തിൽ 9 വെടിയുണ്ടകൾ; കണ്ടെത്തിയത് തലയിലും കഴുത്തിലും നിന്ന്

ckmnews


അതീഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിലും കഴുത്തിലുമായി അതീഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി. 


അഞ്ചംഗ ഡോക്ടർമാരാണ് അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫിന്റെയും പോസ്റ്റ്‌മോർട്ടം നടത്തിയത്. 22 സെക്കൻഡിനിടെ നടത്തിയ 17 റൗണ്ട് വെടിവയ്പ്പിൽ 13 വെടിയുണ്ടകളാണ് ഇരുവരുടെയും ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റത്. മറ്റ് 8 എണ്ണം കഴുത്തിലും നെഞ്ചിലും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അതീഖിന്റെ സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽനിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്.അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റത്.


മാധ്യമപ്രവർത്തകരുടെ ക്യാമറയ്ക്കു മുന്നിൽ വച്ചാണ് അതീഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവർക്കും നേരെ അക്രമികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നു.പിടിയിലായ മൂന്ന പേരുടെ ഗുണ്ടാ , മാഫിയാ ബന്ധങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കൊലയ്ക്ക് പിന്നാലെ പ്രയാഗ്രാജിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് 2 ദിവസത്തേയ്ക്ക് കൂടി നീട്ടി.പ്രയാഗ് രാജ് കൂടാതെ , വാരണാസി , അയോദ്ധ്യാ , ലഖ്‌നൗ എന്നിവിടങ്ങളിൽ പോലീസ് അതീവ ജാഗ്രത തുടരുകയാണ്. മുൻ ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ സുബേഷ് കുമാർ എന്നിവർ നേതൃത്വം നൽകുന്ന ജുഡീഷ്യൽ കമീഷനാണ് ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലക്കേസ് അന്വേഷിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.അതീഖ് അഹമ്മദിൻറെ കൊലപാതകത്തിൽ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്. യുപിയിലെ 188 ഏറ്റുമുട്ടൽ കൊലയും അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.