09 May 2024 Thursday

50,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി ഗ്രാമിന് 5000ന് വിൽക്കാനെത്തിച്ചു;നഴ്സിങ് വിദ്യാര്‍ഥി പിടിയില്‍

ckmnews

50,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി ഗ്രാമിന് 5000ന് വിൽക്കാനെത്തിച്ചു;നഴ്സിങ് വിദ്യാര്‍ഥി പിടിയില്‍


തിരുവനന്തപുരം:അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 47 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി നഴ്സിങ് വിദ്യാർഥി അറസ്റ്റിൽ. ഇന്നു രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ സർക്കിൾ ഇൻസ്‌പെക്ടർ സി.പി. പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ ബെംഗളൂരുവിൽനിന്നു വന്ന ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരനായ കൊല്ലം പെരിനാട് ചന്ദനത്തോപ്പ് ചാത്തിനാംകുളം പടിഞ്ഞാറ്റതിൽ മുടന്തിയാരുവിള വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ എസ്. സൂരത്ത് (22) എന്ന നഴ്സിങ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.


ബെംഗളൂരുവിൽ പഠിക്കുന്ന ഇയാൾ അവിടെനിന്ന് 50,000 രൂപയ്ക്കു വാങ്ങിയ എംഡിഎംഎ കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5,000 രൂപ നിരക്കിൽ വിൽപ്പന നടത്താനാണ് എത്തിച്ചത്. ഇയാൾ ലഹരിക്ക് അടിമയുമാണ്. അര ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നതു പോലും 10 വർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്നതു വ്യാവസായിക അളവിൽ ആണ്. ഏറ്റവും കുറഞ്ഞത് 10–20 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



സർക്കിൾ ഇൻസ്‌പെക്ടർ സി.പി. പ്രവീൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബിനോയ്, പ്രിവന്റീവ് ഓഫിസർ ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ മോഹൻ, കൃഷ്ണരാജ്, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.