26 April 2024 Friday

റയലിനു തോൽവി; ബാഴ്സയ്ക്ക് ജയം: ലാ ലിഗയിൽ ആധിപത്യം തുടർന്ന് ബാഴ്സലോണ

ckmnews

ലാ ലിഗയിൽ ആധിപത്യം തുടർന്ന് ബാഴ്സലോണ. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനു വിജയിച്ച ബാഴ്സലോണ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജോർഡി ആൽബ, ഗാവി, റഫീഞ്ഞ എന്നിവരാണ് ബാഴ്സക്കായി ഗോൾ പട്ടികയിൽ ഇടം നേടിയത്.ഓൾ ഔട്ട് ഡിഫൻസ് തന്ത്രവുമായി കളിച്ച സെവിയ്യ ആദ്യ പകുതിയിൽ ഉറച്ചുനിന്നു. ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതിരുന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ആക്രമണ ഫുട്ബോളിനായി സെവിയ്യ തന്ത്രവും ഫോർമേഷനും മാറ്റി. ഇത് ഗുണമായത് ബാഴ്സക്കായിരുന്നു. 58ആം മിനിട്ടിൽ ജോർഡി ആൽബയിലൂടെ ബാഴ്സ ലീഡെടുത്തു. ഫ്രാങ്ക് കെസ്സിയാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. 70ആം മിനിട്ടിൽ ഗാവിയിലൂടെ ബാഴ്സ ലീഡ് ഇരട്ടിയാക്കി. റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 9 മിനിട്ടുകൾക്ക് ശേഷം ആൽബ വഴിയൊരുക്കി റഫീഞ്ഞ സ്കോർ ചെയ്തതോടെ ബാഴ്സയുടെ ജയം പൂർണം.


ലാ ലിഗയിലെ മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് മയ്യോർക്കക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. 13ആം മിനിട്ടിൽ നാച്ചോയുടെ സെൽഫ് ഗോളാണ് റയലിനു തിരിച്ചടിയായത്. ഇതോടെ റയലുമായുള്ള പോയിൻ്റ് വ്യത്യാസം ബാഴ്സ 8 ആക്കി ഉയർത്തി.