26 April 2024 Friday

ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തർ

ckmnews

ദോഹ; 2022 ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തർ. ഗ്രൂപ്പ് എ യിൽ നെതർലൻഡ്സും എക്വഡോറും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ആതിഥേയർക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയർ കൂടിയാണ് ഖത്തർ.


രണ്ട് മത്സരങ്ങളിൽ നിന്നായി നെതർലൻഡ്സിനും എക്വഡോറിനും നാല് പോയന്റ് വീതമാണുള്ളത്. ഖത്തറിന് ഇതുവരെ പോയന്റൊന്നും നേടാൻ സാധിച്ചിട്ടില്ല. കളിച്ച രണ്ടുമത്സരങ്ങളിലും ടീമിന് പരാജയം നേരിടേണ്ടിവന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചാൽ പോലും ഖത്തറിന് പ്രീക്വാർട്ടറിലേക്ക് മുന്നേറാനാവില്ല.


നെതർലൻഡ്സും എക്വഡോറും ആദ്യ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ചാണ് തുടങ്ങിയത്. നെതർലൻഡ്സ് സെനഗലിനേയും എക്വഡോർ ഖത്തറിനേയുമാണ് പരാജയപ്പെടുത്തിയത്. സെനഗലിന് രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റാണുള്ളത്. അവസാന മത്സരങ്ങൾക്ക് ശേഷം മാത്രമേ ഗ്രൂപ്പ് എ യിൽ നിന്ന് ആരൊക്കെ പ്രീക്വാർട്ടറിലേക്ക് കടക്കുകയുള്ളൂവെന്ന് വ്യക്തമാകൂ.