08 May 2024 Wednesday

ഫിഫവേള്‍ഡ് കപ്പ് 2022 പ്രതിരോധിച്ച് ടുണീഷ്യ ഡെൻമാർക്കിനെ സമനിലയിൽ കുടുക്കി

ckmnews

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ ഡെൻമാർക്ക്-ടുണീഷ്യ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാർക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. തുടർച്ചയായി ഡെന്മാർക്ക് ഗോൾ മുഖത്ത് അപകടം വിതറാൻ ടുണീഷ്യയ്ക്ക് സാധിച്ചു.


ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ഡെൻമാർക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യൻ എറിക്‌സണിൻറെ സാന്നിധ്യമാണ് ഡെൻമാർക്ക് നിരയിലെ ശ്രദ്ധേയം.


23-ാം മിനിറ്റിൽ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പതിയെ ഡെന്മാർക്കും ആക്രമണത്തിലേക്ക് നീങ്ങിയതോടെ മത്സരം ആവേശത്തിലേക്കുയർന്നു. എന്നാൽ ഹോയ്ബർഗും ഓൾസണും എറിക്‌സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ സമർത്ഥമായി നേരിടാൻ ടുണീഷ്യൻ പ്രതിരോധത്തിന് സാധിച്ചു.