26 April 2024 Friday

മാറഞ്ചേരി സ്കൂളിൻ്റെ പരിമിതികൾക്ക് പരിഹാരമാകുന്നു

ckmnews

മാറഞ്ചേരി സ്കൂളിൻ്റെ പരിമിതികൾക്ക് പരിഹാരമാകുന്നു


മാറഞ്ചേരി: വിദ്യാർത്ഥി ബാഹുല്യത്താലും സ്ഥല പരിമിതി മൂലവും ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് കളമൊരുങ്ങുന്നു. സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഒരേക്കർ സ്ഥലം ഏറ്റെടുത്ത് അവിടെ അത്യാധുനിക സൗകര്യങ്ങളൊരുക്കുക  എന്ന ചിരകാല സ്വപനങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്

പി.നന്ദകുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂൾ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സ്കൂൾ വികസന സമിതി യോഗത്തിൽ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു.സ്ഥലമേറ്റെടുക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്തും പ്രത്യേക വിഹിതം അനുവദിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനായി ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അടുത്ത ദിവസം സ്കൂൾ സന്ദർശിക്കും. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി  ഡിവിഷൻ മെമ്പർ ഏ.കെ. സുബൈറും പ്രത്യേക ഫണ്ട് മാറ്റിവെക്കുമെന്ന് സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. പ്രമുഖ പ്രവാസി വ്യവസായിയും കെ.എം. ട്രേഡിംഗ് എം.ഡി.യുമായ കെ.എം .മുഹമ്മദ് ഹാജി പത്ത് സെൻ്റ് സ്ഥലം വാങ്ങുന്നതിലേക്ക് ഇരുപത്തിയൊൻപത് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 2019 -ൽ സ്ഥലം എം.എൽ.എ യും നിയമസഭാ സ്പീക്കറുമായിരുന്ന പി.ശ്രീരാമ കൃഷ്ണൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ കോവിഡ് പ്രതിസന്ധി മൂലം മന്ദഗതി പ്രാപിക്കുകയായിരുന്നു. പദ്ധതിയിലേക്ക് അന്ന് തന്നെ സഫാരി ഗ്രൂപ്പ് എം.ഡി.മാടപ്പാട്ട് അബു ഇരുപത്തിയഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.പദ്ധതിക്കാവശ്യമായ ബാക്കി തുക രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,പൂർവ്വ വിദ്യാർത്ഥികളുടെയും ,അധ്യാപകരുടെയും സഹായത്തോടെ സമാഹരിക്കുന്നതിനാണ് സ്കൂൾ വികസന സമിതി തീരുമാനിച്ചിട്ടുള്ളത്.ഇത് സംബന്ധമായി കഴിഞ്ഞ ദിവസം ചേർന്ന വികസന സമിതി യോഗത്തിൽ സ്ഥലം എം.എൽ.എ.പി.നന്ദകുമാർ, പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡൻ്റ്.അഡ്വ.ഇ.സിന്ധു, ജില്ലാ പഞ്ചായത്തംഗം ഏ.കെ.സുബൈർ, പെരുമ്പടപ്പ് ബ്ളോക്ക് അംഗം നൂറുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗം  ടി. മാധവൻ, വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, പി.ടി.എ, എം.പി.ടി.എ.അംഗങ്ങൾ,സ്കൂൾ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.