01 May 2024 Wednesday

സിൽവർ ലൈൻ: ആകെ പദ്ധതി ചെലവിന്റെ 40000 കോടിയും ജനത്തിന്റെ കൈയ്യിലെത്തും: ധനമന്ത്രി ബാലഗോപാൽ

ckmnews

സിൽവർ ലൈൻ: ആകെ പദ്ധതി ചെലവിന്റെ 40000 കോടിയും ജനത്തിന്റെ കൈയ്യിലെത്തും: ധനമന്ത്രി ബാലഗോപാൽ


കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവായ 65000 കോടി രൂപയിൽ 40000 കോടിയും കേരളത്തിലെ ആളുകളുടെ കൈയ്യിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആ പണം അവർക്ക് ജോലിക്കോ, വരുമാനത്തിനോ ഉപകാരപ്പെടും. ഇത് സാമ്പത്തിക പ്രവർത്തനം ശക്തിപ്പെടുത്തും. കൂടുതൽ പേർക്ക് ജോലി കിട്ടും. അല്ലെങ്കിൽ കേരളം കടത്തിൽ മുങ്ങി ശ്രീലങ്കയെ പോലെയാകും. സാമ്പത്തിക പ്രവർത്തനം നടക്കാനാണ് കെ റെയിൽ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.കെ റെയിലിനെ കുറിച്ച് ചോദിക്കുന്നവർ ദേശീയപാതാ വികസനത്തെ കുറിച്ചും പരിശോധിക്കണം. അഞ്ച് വർഷം കൊണ്ട് 1.30 ലക്ഷം കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ 23000 കോടി കൊടുത്തു. അതിൽ ആറായിരം കോടി സംസ്ഥാനമാണ് നൽകിയത്. ഇനിയെന്തിനാ ദേശീയപാത, ഇനിയെന്തിനാ സ്കൂള്, ഇനിയെന്തിനാ റെയിൽവേ, എന്തിനാ ഫാക്ടറി പണിയുന്നേ, ഒന്നും ചെയ്യണ്ട എന്ന് പറയുന്നതാണോ ശരി? ഇതൊക്കെ വേണം. കെ റെയിൽ അത്തരമൊരു പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പദ്ധതികളിൽ ഒന്നാണ് കെ റെയിൽ. കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴി, കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി എന്നിവയാണ് മറ്റ് രണ്ട് പ്രധാന പദ്ധതികൾ. തിരുവനന്തപുരം നഗരത്തിന് ചുറ്റും വലിയ വ്യവസായ ഇടനാഴി വരുന്നുണ്ട്. അതേപോലെ പ്രധാന പദ്ധതിയാണ് കെ റെയിൽ. അതിവേഗം യാത്ര ചെയ്യാനുള്ളതാണ് അത്. എത്ര വീതി വന്നാലും റോഡിൽ തിരക്കൊഴിയില്ല. അമേരിക്കൻ ശരാശരിയുടെ തൊട്ടടുത്താണ് കേരളത്തിലെ വാഹന ശരാശരിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി