01 May 2024 Wednesday

ടോള്‍ നിരക്കില്‍ കുറവ് വരുത്തണം; സംസ്ഥാന വ്യാപക സമരത്തിന് സ്വകാര്യ ബസുടമകള്‍

ckmnews

ടോള്‍ നിരക്കില്‍ കുറവ് വരുത്തണമെന്ന ആവശ്യവുമായി പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരത്തിലുള്ള സ്വകാര്യ ബസുടമകള്‍ പ്രതിഷേധം കടുപ്പിക്കുന്നു. നിലവില്‍ ടോള്‍ പ്ലാസ കടന്നുപോകുന്ന ബസുകളാണ് സര്‍വീസ് നിര്‍ത്തിയിട്ടുള്ളതെങ്കില്‍ ഈമാസം ഇരുപത്തി എട്ടിന് തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകള്‍ പൂര്‍ണമായും ഓട്ടം നിര്‍ത്തും. പരിഹാരം കണ്ടില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.


മറ്റിടങ്ങളിലെക്കാള്‍ സ്വകാര്യ ബസുകളില്‍ നിന്ന് പത്തിരട്ടിയിലധികം നിരക്ക് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഈടാക്കുന്നുവെന്നാണ് ആക്ഷേപം. നിലവിലെ സാഹചര്യത്തില്‍ ഇത്രയും തുക നല്‍കി സര്‍വീസ് നടത്താനാകില്ല. വാളയാര്‍, പാലിയേക്കര ടോള്‍ പ്ലാസകള്‍ക്ക് സമാനമായി പന്നിയങ്കരയിലും നിരക്ക് കുറയ്ക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. പലഘട്ടങ്ങളില്‍ ആവശ്യം അറിയിച്ചെങ്കിലും ഇളവ് നല്‍കാനാകില്ലെന്ന നിലപാടിലാണ് ടോള്‍ പിരിവ് കമ്പനി. ഇതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങിയത്. പതിനാറ് ദിവസം കഴിഞ്ഞിട്ടും അധികാരികളുടെ ശ്രദ്ധയെത്താത്ത സാഹചര്യത്തിലാണ് രണ്ട് ജില്ലകളിലെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയുള്ള സൂചന സമരം പ്രഖ്യാപിച്ചത്.