01 May 2024 Wednesday

ഇന്ധനമില്ല; എച്ച്.പിയുടെ ഇരുനൂറിലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവച്ചു

ckmnews

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനു കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാനില്ല. ഇതേതുടർന്ന് സംസ്ഥാനത്ത് എച്ച്.പിയുടെ ഇരുനൂറിലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവച്ചു. വൻലാഭം ലക്ഷ്യമിട്ട് കമ്പനി ഇന്ധനം പൂഴ്ത്തുകയാണെന്നാണ് ആക്ഷേപം. സ്വകാര്യ ഏജൻസിയായ നയാര എനർജി ലിമിറ്റഡിന്റെ പമ്പുകളിൽ ഭൂരിഭാഗവും ഇന്ധനമില്ലാത്തതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.


മുൻകൂർ പണമടച്ചിട്ടും കമ്പനി ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നില്ലെന്നാണ് എച്ച്.പി പമ്പുടമകളുടെ പരാതി. പണമടച്ച് ദിവസങ്ങൾ കാത്തിരുന്നാൽ ആവശ്യത്തിന്റെ പകുതി മാത്രം ഇന്ധനമാണ് പമ്പുകളിൽ എത്തുന്നത്. ഇതേതുടർന്ന് ഗ്രാമീണ മേഖലകളിലടക്കം പമ്പുകൾ അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. പ്രതിദിനം ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ കോടികളുടെ ലാഭമുണ്ടാക്കാനായി കമ്പനി ഇന്ധനം പൂഴ്ത്തിവയ്ക്കുന്നുവെന്നാണ് ആരോപണം.


വിപണിയിയിൽ പ്രാതിനിധ്യം ശക്തമാക്കാനായി പമ്പുകൾക്ക് നൽകിയിരുന്ന ക്രെഡിറ്റ് സൗകര്യവും എച്ച്.പി നിർത്തിയതോടെ ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോഴത്തേത് താത്കാലിക പ്രതിസന്ധി മാത്രമാണെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് എച്ച്.പി അധികൃതരുടെ വിശദീകരണം.