01 May 2024 Wednesday

പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പട്ടികജാതി-പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

ckmnews

പാലക്കാട്: ഉമ്മിനിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടികജാതി-പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്‌ക്കാൻ കഴിയാത്തതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് ബികോം വിദ്യാർഥിനി ബീന തൂങ്ങിമരിച്ചത്.



 

പാലക്കാട് എംഇഎസ് വിമൻസ് പാരലൽ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ഈ മാസം പത്തിനായിരുന്നു പരീക്ഷാ ഫീസടയ്‌ക്കാനുള്ള അവസാന തീയതി. ശനിയാഴ്ചയാണ് ബീനയുടെ അമ്മ ദേവകി കോളേജിൽ ഫീസടയ്‌ക്കാനെത്തിയത്. അവസാന ദിവസം കഴിഞ്ഞ് ഏറെയായതിനാൽ യൂണിവേഴ്‌സിറ്റിയെ സമീപിക്കണമെന്ന് കോളേജ് അറിയിച്ചു.


ഇതേസമയം പരീക്ഷ എഴുതാൻ കഴിയില്ലെന്ന മന:പ്രയാസത്തിലായിരുന്നു ബീനയെന്ന് സഹോദരൻ പറയുന്നു. ഉച്ചയോടെ കുളിയ്‌ക്കാനായി മുറിയിൽ കയറിയ ബീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.


സർവ്വകലാശാല നിശ്ചയിക്കുന്ന ദിവസം ഫീസടയ്‌ക്കേണ്ടത് വിദ്യാർത്ഥികളാണെന്നും പാരലൽ കോളേജിന് പങ്കില്ലെന്നും സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ പി. അനിൽ വിശദീകരിച്ചിരുന്നു