09 May 2024 Thursday

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍

ckmnews

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. സച്ചിന്‍, സൂരജ്, അരുണ്‍, ജിഷ്ണു, ശ്രീനാഥ് എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 


ആകെ 11 പേരാണ് കൊലക്കേസില്‍ പ്രതികളായിട്ടുള്ളതെന്ന് ഡി.ഐ.ജി. സഞ്ജയ് ഗരുഡിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെല്ലാം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. ഇതില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കി മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പ്രതികളുടെ ലഹരിമാഫിയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 


അതേസമയം, സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, ശ്യാംകുമാര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്. 


സുധീഷിനോടു പകയുള്ളവര്‍ സംഘംചേര്‍ന്നു, ആക്രമണത്തില്‍ പങ്കെടുത്തത് 11 പേര്‍


പകരംവീട്ടാന്‍ കാത്തിരുന്നവര്‍ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തന്‍കോട് കല്ലൂരില്‍ നടന്നതെന്ന് സൂചന. ഏതെങ്കിലും ഒരു സംഭവത്തിന്റെ തുടര്‍ച്ചയല്ല ആക്രമണത്തിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്.


ആക്രമണം നടത്തിയവരില്‍ പലര്‍ക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 11 പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.


സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണിയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേര്‍ക്ക് കൊല്ലപ്പെട്ട സുധീഷ് നാടന്‍ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 6-നാണ് ഈ സംഭവം നടന്നത്. സുധീഷ് ഉണ്ണിക്ക് കൊല്ലപ്പെട്ട സുധീഷിനോടുള്ള പകയ്ക്ക് കാരണമിതാണ്. കേസിലെ മൂന്നാംപ്രതിയായ ശ്യാംകുമാറും സുധീഷും തമ്മില്‍ കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും സുധീഷ് ശ്യാംകുമാറിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത് ശ്യാംകുമാറിന്റെ പകയ്ക്കിടയാക്കി.


ഊരുപൊയ്ക മങ്കാട്ടുമൂലയില്‍ അഖില്‍, വിഷ്ണു എന്നിവര്‍ക്ക് 6-ന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസിലെ മൂന്നാംപ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അഖിലും വിഷ്ണുവും. ഇവര്‍ക്കുനേരേകൂടി ആക്രമണമുണ്ടായതോടെ സുധീഷിനെ തേടിപ്പിടിച്ച് ആക്രമിക്കാന്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.


ആക്രമണത്തിനായി വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവരെ സംഘടിപ്പിച്ചത് ഒട്ടകം രാജേഷാണ്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് അടുത്തകാലത്തായി കേസുകളിലൊന്നിലും ഉള്‍പ്പെട്ടിരുന്നില്ല. അതേസമയം, മംഗലപുരം ചിറയിന്‍കീഴ് മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവ്യാപാരത്തിന്റെ പ്രധാന കണ്ണിയാണിയാളെന്നാണ് സൂചന. ലഹരിവസ്തുക്കളുടെ കടത്തിലും വ്യാപാരത്തിലും ഇയാള്‍ക്ക് വലിയ പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണക്കേസിലെ മറ്റു പ്രതികളുമായി ഇയാളെ ബന്ധിപ്പിക്കുന്നതും ഈ ലഹരിക്കച്ചവടമാണെന്നാണ് സൂചന. ഒട്ടകം രാജേഷും സുധീഷ് ഉണ്ണിയും അടുത്ത സുഹൃത്തുക്കളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


സുധീഷിനെ ഒറ്റിയത് ഭാര്യാസഹോദരന്‍


കല്ലൂരില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു മരിച്ച സുധീഷിനെ ഒറ്റിയത് ഭാര്യാസഹോദരനായ ശ്യാംകുമാറെന്ന് സൂചന. സുധീഷിനെ ആക്രമിച്ചവരുടെ കൂട്ടത്തിലും ശ്യാംകുമാറുണ്ടായിരുന്നു. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട സുധീഷും ഭാര്യാസഹോദരനായ ശ്യാംകുമാറും കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.


കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുധീഷ് അടുത്തിടെ ശ്യാംകുമാറിനെ മര്‍ദിച്ചിരുന്നു. ഇതിന്റെ പകയാണ് സുധീഷിന്റെ ഒളിയിടം അക്രമികള്‍ക്കു കാട്ടിക്കൊടുക്കാനും ആക്രമണത്തില്‍ പങ്കാളിയാകാനും ശ്യാംകുമാറിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇയാളെ പിടികൂടിയാല്‍ മാത്രമേ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് പറയുന്നു.