26 April 2024 Friday

തീവ്രന്യൂനമര്‍ദ്ദം : തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ckmnews

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ തമിഴ്‌നാട്ടില്‍ 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാളെ പുലര്‍ച്ചെയോടെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രാ തീരത്ത് ന്യൂനമര്‍ദം കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.അടുത്ത മണിക്കൂറുകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദമാണിത്. ചെങ്കല്‍പേട്ട്, റാണിപേട്ട്, ധര്‍മപുരി, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ആന്ധ്രപ്രദേശില്‍ നെല്ലൂര്‍, ചിറ്റൂര്‍ അടക്കമുള്ള ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും പലയിടങ്ങളില്‍ മഴ തുടരുകയാണ്. സ്വര്‍ണമുഖി നദീതീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.അതേസമയം കേരളത്തില്‍ അടുത്ത രണ്ടുദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. മലയോരമേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.