26 April 2024 Friday

ന്യൂനമർദം: പ്രളയഭീതിയിൽ ചെന്നൈ- നാളെ റെഡ് അലർട്ട്;

ckmnews



ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം വടക്കൻ തീരത്തേക്ക് നീങ്ങുന്നവെന്ന് ഉറപ്പായതോടെ ചെന്നൈ വീണ്ടും പ്രളയ ഭീതിയിൽ. ഇത് ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്കു കാരണമാകും. ഇന്നു കനത്ത മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. നാളെ നഗരത്തിൽ അതിതീവ്ര മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമല, കള്ളക്കുറിച്ചി, വിഴുപ്പുറം, മയിലാടുതുറ തുടങ്ങിയ ജില്ലകളിലും കനത്ത മഴയുണ്ടാകും. 18 മണിക്കൂർ അതീവ ജാഗ്രത വേണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിവസങ്ങൾക്കു മുൻപുണ്ടായ കനത്ത മഴയിൽ മുങ്ങിപ്പോയ പല ഭാഗങ്ങളും ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. മഴ കനത്താൽ വീണ്ടും പ്രളയം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. അതോടൊപ്പം വെള്ളം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.


തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ബാർഗറിലുണ്ടായ മണ്ണിടിച്ചിൽ, 32 ഗ്രാമങ്ങളുമായുള്ള നഗരത്തിന്റെ ബന്ധം വിച്ഛേദിച്ചു. കന്യാകുമാരിയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും കനത്ത മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. രണ്ടാഴ്ച തുടർച്ചയായി പെയ്ത മഴയ്ക്കു ശമനമുണ്ടായത് ഏതാനും ദിവസങ്ങൾക്കു മുൻപു മാത്രമാണ്.


മഴ കുറഞ്ഞിട്ടും നഗരത്തിലടക്കം രൂപപ്പെട്ട വെള്ളക്കെട്ടുകൾ കുറയ്ക്കാൻ ദിവസങ്ങളെടുത്തു. നഗരപ്രാന്ത പ്രദേശങ്ങളിലെയും സമീപ ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വീടുകളിൽ അടക്കം കയറിയ വെള്ളമൊഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും പെടാപ്പാടുപെടുന്നതിനിടയിലാണ് പുതിയ ന്യൂനമർദമെത്തുന്നത്.


നിറഞ്ഞ് ജലസംഭരണികൾ


ചെന്നൈയിലെയും സമീപ പ്രദേശങ്ങളിലെയും മിക്കവാറും എല്ലാ തടാകങ്ങളും ജലസംഭരണികളും നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ മഴയിൽതന്നെ പ്രധാന ജലസംഭരണികളിൽ നിന്നെല്ലാം അധികജലം ഒഴുക്കി വിട്ടിരുന്നു. കനത്ത മഴയും ജലസംഭരണികളിലെ വെള്ളം ഒഴുകിയെത്തിയതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ദുരിതം വിതച്ചത്. രക്ഷാപ്രവർത്തനങ്ങളുമായി ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രംഗത്തിറങ്ങുകയും ചെയ്തിരുന്നു.