26 April 2024 Friday

കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ: സിത്താര

ckmnews

കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ: സിത്താര


സ്ത്രീധന സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തി ഗായിക സിത്താര കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ഗായിക നിലപാട് വ്യക്തമാക്കിയത്. പെൺകുട്ടികൾക്ക് പഠിക്കാനും യാത്ര ചെയ്യാനും തുടങ്ങി എല്ലാത്തിനും സ്വാതന്ത്ര്യം അനുവദിക്കണം എന്നും വിവാഹമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമെന്നും സിത്താര കുറിച്ചു. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് തീരുമാനിക്കണം എന്നും ഗായിക കൂട്ടിച്ചേർത്തു. 

‘പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെൺകുട്ടികളെ....


കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം’, സിത്താര കൃഷ്ണകുമാർ കുറിച്ചു. 


നിരവധി പേരാണ് സിത്താരയുടെ പോസ്റ്റിനു പിന്നാലെ പ്രതികരണങ്ങളുമായെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനങ്ങൾ ഉണ്ടാകാതിരിക്കാൻ ആദ്യം ആൺകുട്ടികളെയാണു മര്യാദ പഠിപ്പിക്കേണ്ടത് എന്നാണ് പ്രതികരണക്കുറിപ്പുകളില്‍ പറയുന്നത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കൊടിയ ക്രൂരതകൾ സഹിച്ച് അടുത്തിടെ ആത്മഹത്യ ചെയ്ത വിസ്മയ എന്ന ഇരുപത്തിനാലുകാരിയുടെ വാർത്ത പുറത്തു വന്നതോടെയാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള ചർച്ചകൾ വ്യാപകമായത്. പ്രമുഖരുൾപ്പെടെ നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായെത്തിയത്