08 May 2024 Wednesday

ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ ധന്യ; ഭർത്താവ് അറസ്റ്റിൽ

ckmnews

ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ ധന്യ; ഭർത്താവ് അറസ്റ്റിൽ


കട്ടപ്പന (ഇടുക്കി) ∙ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴി പടീശേരിൽ ജയപ്രകാുശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ് ഭർത്താവ് അയ്യപ്പൻകോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27) അറസ്റ്റിലായത്. 


മാർച്ച് 29നു പുലർച്ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിൽ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ പുലർച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവർക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. 


27 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും നൽകി 2019 നവംബർ 9ന് ആയിരുന്നു ധന്യയുടെ വിവാഹം നടത്തിയത്. കൂടാതെ അമലിന് മാല, കൈച്ചെയിൻ തുടങ്ങിയവയും വീട്ടിലേക്കുള്ള ഫർണിച്ചറും നൽകിയിരുന്നു. നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വർഷ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയായിരുന്നു അപ്പോൾ ധന്യ. വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് ഓർക്കുന്നു. 


മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോൾ അമൽ മർദിച്ചതായി പറഞ്ഞതിനെത്തുടർന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയാറെടുത്തിരിക്കെയായിരുന്നു മരണം.


മകളുടെ പൊക്കം പോലും ഇല്ലാത്ത ജനലിൽ തൂങ്ങിമരിച്ചു എന്ന വാദവും മർദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പീരുമേട് ഡിവൈഎസ്പി പി.കെ.ലാൽജി, ഉപ്പുതറ എസ്എച്ച്ഒ ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്. 


അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയിൽ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേൽ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി ഗാർഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകൾ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പി.കെ.ലാൽജി പറഞ്ഞു. അമലിനെ കോടതി റിമാൻഡ് ചെയ്തു.