26 April 2024 Friday

9–ാം ക്ലാസുകാരൻ ഗെയിം കളിച്ചു കളഞ്ഞത് 3 ലക്ഷം രൂപ; സംഭവം അറിയാതെ അമ്മയുടെ പരാതി

ckmnews

9–ാം ക്ലാസുകാരൻ ഗെയിം കളിച്ചു കളഞ്ഞത് 3 ലക്ഷം രൂപ; സംഭവം അറിയാതെ അമ്മയുടെ പരാതി


ആലുവ∙ നഗരത്തിലെ 9–ാം ക്ലാസ് വിദ്യാർഥി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചു നഷ്ടപ്പെടുത്തിയതു 3 ലക്ഷം രൂപ. തന്റെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ പണം തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതി അന്വേഷിച്ച സൈബർ പൊലീസാണു മകൻ ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണു കാശു കളഞ്ഞതെന്നു കണ്ടെത്തിയത്. ഗെയിം കളിക്കാൻ 200 തവണ വിദ്യാർഥി ഫോൺ ചാർജ് ചെയ്തുവെന്നു പൊലീസ് പറഞ്ഞു. ഓരോ തവണയും 40 മുതൽ 4000 രൂപ വരെ നഷ്ടപ്പെട്ടു.


10 പ്രാവശ്യം വരെ ചാർജ് ചെയ്ത ദിവസങ്ങളുണ്ട്. വീട്ടമ്മ കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഫോൺ മിക്കവാറും കുട്ടിയുടെ കയ്യിലായതിനാൽ ബാങ്കിൽ നിന്നുള്ള സന്ദേശങ്ങളൊന്നും അമ്മ ശ്രദ്ധിച്ചിരുന്നില്ല. വിദ്യാർഥിയുടെ പിതാവു വിദേശത്താണ്.


പൊലീസിന്റെ മുന്നറിയിപ്പ്


കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. മൊബൈൽ ഫോണുകൾ ഇടയ്ക്കിടെ പരിശോധിക്കണം. രക്ഷിതാക്കൾക്കു കൂടി അറിയാവുന്ന യൂസർ ഐഡിയും പാസ്‌വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോൺ ലോക്കിലും ഉപയോഗിക്കാവൂ. പഠനാവശ്യത്തിനു മാത്രമേ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണം.


നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്നും അപരിചിതമായ ആപ്പുകൾ മൊബൈലിൽ ഇല്ലെന്നും ഉറപ്പാക്കണം. കുട്ടികൾ പഠിക്കുന്നതിന് ഉപയോഗിക്കുന്ന ഫോണിൽ പേരന്റൽ കൺട്രോൾ ആയ ഇമെയിൽ ക്രിയേറ്റ് ചെയ്യുക. ഓൺലൈൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണുകൾ കുട്ടികൾക്കു കൊടുക്കരുത്. സ്കൂളിൽ നിന്ന് അധ്യാപകർ അയയ്ക്കുന്ന ലിങ്കുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.