26 April 2024 Friday

"ഞാന്‍ ഉന്നതന്‍, അച്ഛന്‍ രക്ഷിക്കും.."തലസ്ഥാനത്തെ ഭീതിയിലാക്കിയ കാറോട്ടക്കാരന്‍ പറഞ്ഞത്!

ckmnews

"ഞാന്‍ ഉന്നതന്‍, അച്ഛന്‍ രക്ഷിക്കും.."തലസ്ഥാനത്തെ ഭീതിയിലാക്കിയ കാറോട്ടക്കാരന്‍ പറഞ്ഞത്!


തിരുവനന്തപുരം:തലസ്ഥാന നഗരിയെ ഭീതിയിലാഴ്‍ത്തി രാത്രികാലങ്ങളിലെ അതിവേഗ കാറോട്ടം വീണ്ടും. കഴിഞ്ഞ ദിവസം രാത്രി കവടിയാര്‍ മുതല്‍ മരപ്പാലം വരെയുള്ള റോഡിലൂടെ അമിതവേഗതയില്‍ അലക്ഷ്യമായി ഓടിച്ച കാര്‍ ഒടുവില്‍ മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. ഇതിനിടെ കാറിന് മുന്നില്‍ നിന്ന് ജീവനുമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നിരവധി പേരാണ്. 


കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കവടിയാര്‍ ഭാഗത്ത് നിന്ന് മൂന്നു യുവാക്കളുമായി അമിതവേഗതയില്‍ പാഞ്ഞെത്തിയ കാര്‍ കുറവന്‍കോണത്ത് വച്ച് ഒരു ബൈക്കില്‍ തട്ടി. യാത്രികരായ ദമ്പതികളും കുഞ്ഞും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നിട്ടും കാര്‍ ഭീതി പരത്തി നിര്‍ത്താതെ പാഞ്ഞു. തുടര്‍ന്ന് മരപ്പാലത്ത് വച്ച് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്‍റെ പിന്നില്‍ ഇടിച്ചാണ് ഈ കാര്‍ നിന്നത്. 


തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന മൂന്നു യുവാക്കളും അരോചകമായാണ് പ്രതികരിച്ചതെന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നു. ഇത്രയും അപകടങ്ങള്‍ നടന്ന ശേഷവും ചിരിക്കുകയും അസഭ്യം പറയുകയുമായിരുന്നുവത്രെ ഇവര്‍. താന്‍ ഉന്നതാനാണെന്നും പിതാവ് തന്നെ രക്ഷിക്കുമെന്നുമായിരുന്നു കാര്‍ ഓടിച്ച യുവാവിന്‍റെ വെല്ലുവിളിയെന്നും നാട്ടുകാര്‍ പറയുന്നു.


ഇതിനിടെ മരപ്പാലത്തെത്തിയ ഈ യുവാക്കളുടെ ചില സുഹൃത്തുക്കള്‍ ഇവരെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ നാട്ടുകാര്‍ ഇത് തടഞ്ഞു. ഒടുവില്‍ പൊലീസ് എത്തിയാണ് ഇവരെ കൊണ്ടുപോയത്.   ലഹരിയിലായിരുന്നു ഈ യുവാക്കള്‍ എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.