27 April 2024 Saturday

വാഹനങ്ങള്‍ 15 മിനുട്ട് നിര്‍ത്തിയിടുക, ഇന്ധന കൊള്ളയില്‍ പ്രതിഷേധത്തിന് ആഹ്വാനം

ckmnews

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംയുക്ത യോഗത്തില്‍ തീരുമാനം. പ്രതിഷേധസൂചകമായി ജൂണ്‍ 21ന് പകല്‍ 11 മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടണമെന്ന് സംയുക്ത സമിതിക്ക് വേണ്ടി എളമരം കരീം അഭ്യര്‍ഥിച്ചു. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു.

കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും  നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പകല്‍കൊള്ള. ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് എളമരീം കരീം പറഞ്ഞു.

2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48  രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന്  ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂണ്‍ 1ന് ക്രൂഡ് ഓയില്‍ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസല്‍ ലിറ്ററിന് 88 രൂപയായും ഉയര്‍ന്നു. പാചകവാതകത്തിന്റെയും , മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം ദുസ്സഹമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.