27 April 2024 Saturday

കോവിഡ് ചതിച്ചു, രണ്ടു വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ അറബിനാട്ടിൽ വിവാഹം

ckmnews

കോവിഡ് ചതിച്ചു, രണ്ടു വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ അറബിനാട്ടിൽ വിവാഹം


റാസൽഖൈമ ∙ രണ്ടു വർഷത്തെ കാത്തിരിപ്പിനും രണ്ടുതവണത്തെ മാറ്റിവയ്ക്കലിനും ഒടുവിൽ ജിബിൻ ജോർജ് കോവിഡ് പ്രതിസന്ധികൾ മറികടന്ന് വിവാഹിതനായി. റാസൽഖൈമയിൽ ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് സ്നേഹ മറിയത്തിന്റെ കഴുത്തിൽ താലിചാർത്തിയപ്പോൾ, പക്ഷേ ജിബിന്റെ മാതാപിതാക്കളും ഏക സഹോദരനും കൊല്ലം തങ്കശ്ശേരിയിലെ വീട്ടിലായിരുന്നു. കോവിഡ് യാത്രാവിലക്ക് കാരണം അവർ വിവാഹത്തിന് ഓൺലൈനിലൂടെ സാക്ഷിയായി. 


ദുബായിൽ മുൻപ് സ്റ്റുഡിയോ നടത്തിയിരുന്ന കൊല്ലം സ്വദേശി ജോർജ് വർഗീസിന്റെയും ജയിനമ്മയുടെ മൂത്ത മകനായ ജിബിൻ ജോർജ് ഖത്തറിൽ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസിൽ ഉദ്യോഗസ്ഥനാണ്. എടത്വ മൂന്നു തൈക്കൽ പരേതനായ ഏബ്രഹാമിന്റെയും മിനിയുടെയും മകൾ സ്നേഹ അൽഐനിൽ തമാം ഹോസ്പിറ്റലിൽ ഡോക്ടർ. ഇതിനൊപ്പം എംഡിക്ക് പഠിക്കുകയും ചെയ്യുന്നു. ഇരുവരുടെയും വിവാഹം 2019 ജൂണിൽ നടത്താനാണ് ആദ്യം നിശ്ചയിച്ചത്. പഠനത്തിന്റെയും പരീക്ഷയുടെയും പ്രശ്നങ്ങൾ കാരണം അടുത്തവർഷം ജൂലൈയിലേക്ക് അത് മാറ്റി. 

എന്നാൽ കോവിഡ് എല്ലാം തകിടം മറിച്ചു. ഇതിനിടെ സ്റ്റുഡിയോ എല്ലാം മതിയാക്കി നാട്ടിലേക്കു പോയ ജോർജും ഭാര്യയും ലോക്ഡൗണിലും കുടുങ്ങി. ഖത്തറിലേക്കും യാത്രാവിലക്ക് ആയതോടെ മാതാപിതാക്കളെയോ സഹോദരനെയോ അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി വിവാഹം നടത്താനുള്ള സാധ്യതയും ഇല്ലാതായി. എംഡി പഠനത്തിന്റെ പരീക്ഷയും മറ്റും ഉള്ളതിനാൽ ഇനിയും വിവാഹം നീട്ടുന്നത് സ്നേഹയ്ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ജിബിൻ യുഎഇയിലേക്ക് എത്തി വിവാഹം നടത്താം എന്ന് ഉറപ്പിച്ചത്. 

ജോർജിന്റെയും ജയിനമ്മയുടെയും ദുബായിലുള്ള ഏതാനും ബന്ധുക്കളും വിവാഹത്തിന് സാക്ഷികളായി. നേരിട്ട് എത്താൻ കഴിയാത്തതിൽ വിഷമമുണ്ടെങ്കിലും കോവിഡ് കാലത്ത് രണ്ടു വർഷമായി മാറ്റിവച്ച മകന്റെ വിവാഹം ഇങ്ങനെ നടന്നല്ലോ എന്ന ആശ്വാസത്തിലാണ് ജോർജും ഭാര്യയും.