27 April 2024 Saturday

മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല;ഡിജിറ്റല്‍ പഠനം തുടരും’

ckmnews

മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല;ഡിജിറ്റല്‍ പഠനം തുടരും’


തിരുവനന്തപുരം:ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ മൂന്നാംതരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല. വിവിധ ധനസ്രോതസ്സുകൾ യോജിപ്പിച്ച് പഠനോപകരണങ്ങൾ നൽകും. സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.


വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ല. അതിനാവശ്യമായ കരുതൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഒരു വിഭാഗം കുട്ടികൾ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണം വാങ്ങാൻ ശേഷിയില്ലാത്തവരാണ്. ഒന്നാം തരംഗം വന്നപ്പോൾ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ചു പറയുന്നു. അതു സൂചിപ്പിക്കുന്നത് കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയിൽ ഉണ്ടാവുമെന്നാണ്.


അതുകൊണ്ടുതന്നെ ഓൺലൈൻ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് പറയാനാകില്ല. പാഠപുസ്തകം പോലെ എല്ലാവർക്കും ഡിജിറ്റൽ ഉപകരണം ആവശ്യമാണ്. അതിനു സാധ്യമായതെല്ലാം ചെയ്യും.


പലയിടത്തും കണക്ടിവിറ്റിയുടെ പ്രശ്നമുണ്ട്. അതിനായി എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ഇബി, കേബിൾ നെറ്റ്‌വർക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.