26 April 2024 Friday

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥാ വകുപ്പ്

ckmnews

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥാ വകുപ്പ്



തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം എത്തിയതായാണ് അറിയിപ്പ്. എങ്കിലും തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. ഏത് മാനദണ്ഡ പ്രകാരമാണ് കാലവര്‍ഷം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദമായി വാര്‍ത്താക്കുറിപ്പ് ഇറക്കാനാണ് സാധ്യത.


കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷം എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. അപ്പോഴും കാര്യമായ മഴ തെക്കന്‍ ജില്ലകളില്‍ ലഭിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ മുന്നറിയിപ്പുമില്ല. 



മാനദണ്ഡം അനുസരിച്ച് ഒന്‍പത് കേന്ദ്രങ്ങളില്‍ രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതായി കണക്കാക്കാം. ഇന്നലയോ ഇന്നോ കാര്യമായ മഴ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഏത് മാനദണ്ഡ പ്രകാരമാണ് കാലവര്‍ഷം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയേക്കും. 


ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷക്കാറ്റും ദുര്‍ബലമാണ്. മഴ കൂടി കുറഞ്ഞതുകൊണ്ടു തന്നെ കാലവര്‍ഷം ഇന്നെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ടായിരുന്നില്ല.